ദുബായ്: വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകളുടെ നിലവാരം പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി RTA

UAE

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകളുടെ നിലവാരം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള ഒരു മാസം നീണ്ട് നിൽക്കുന്ന പരിശോധനകളും, പ്രചാരണ പരിപാടികളും ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഇതിനായി RTA-യുടെ പ്രത്യേക പരിശോധനാ സംഘങ്ങൾ എമിറേറ്റിലെ റോഡുകളിൽ പരിശോധനകൾ നടത്തുന്നതാണ്.

വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ, ഓരോ വാഹനങ്ങൾക്കും നിശ്ചയിച്ചിട്ടുള്ള ടയറുകൾ സംബന്ധിച്ചും, ടയറുകളുടെ ആരോഗ്യത്തിന് റോഡ് സുരക്ഷയിൽ ഉള്ള പ്രാധാന്യത്തെക്കുറിച്ചും അവബോധം നൽകുന്നത് ലക്ഷ്യമിട്ടാണ് RTA ഈ പരിശോധനാ പരിപാടികൾ ആരംഭിച്ചിട്ടുള്ളത്. RTA-യുടെ ലൈസെൻസിങ്ങ് ആക്ടിവിറ്റീസ് മോണിറ്ററിങ്ങ് ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥരാണ് ഈ പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.

“ഇതുവരെയുള്ള പരിശോധനകളിൽ 3724 വലിയ ട്രക്കുകൾ ഉൾപ്പടെ 7353 വാഹനങ്ങൾ ഞങ്ങളുടെ ടീം പരിശോധിക്കുകയുണ്ടായി. ഈ പരിശോധനകളിൽ 128 വാഹനങ്ങളിലെ സുരക്ഷാ വീഴ്ച്ചകൾക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഡ്രൈവിംഗ് സ്‌കൂളുകളിലെ 55 വാഹനങ്ങളും ഇതുവരെ പരിശോധിച്ചവയിൽ ഉൾപ്പെടുന്നു. എന്നാൽ ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങളെല്ലാം മികച്ച ടയറുകൾ ഉപയോഗിക്കുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്.”, RTA-യുടെ ലൈസെൻസിങ്ങ് ആക്ടിവിറ്റീസ് മോണിറ്ററിങ്ങ് ഡിപ്പാർട്മെന്റ് ഡയറക്ടർ മുഹമ്മദ് വലീദ് നബ്ഹാൻ വ്യക്തമാക്കി.

“നിർമ്മാണ തീയ്യതിയിൽ നിന്ന് അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ഈ പരിശോധനകൾ തരണം ചെയ്യില്ല. ഇതിനു പുറമെ പഴകിയതും, തേയ്മാനം സംഭവിച്ചതും, കേടുപാടുകളുള്ളതുമായ ടയറുകൾ ഉപയോഗിക്കുന്നതും വീഴ്ച്ചയായി കണക്കാക്കുന്നതാണ്. “, അദ്ദേഹം അറിയിച്ചു. “മഞ്ഞിലും, മലകളിലും ഉപയോഗിക്കുന്ന തരത്തിലുള്ള ടയറുകൾ റോഡുകളിൽ ഉപയോഗിക്കുന്നതും ഇത്തരത്തിൽ വീഴ്ച്ചയാണ്. പിഴ ചുമത്തുന്നതിലുപരി, ടയറുകളുടെ ആരോഗ്യം സംബന്ധിച്ച പ്രാധാന്യത്തെക്കുറിച്ച് വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ പരിശോധനകൾ.”, അദ്ദേഹം കൂട്ടിച്ചേർത്തു.