ദുബായ്: ബൈക്കുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്നവർക്ക് RTA പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

UAE

ബൈക്കുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്നവർ പാലിക്കേണ്ടതായ പ്രവർത്തന മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് പുറത്തിറക്കി. ഇത് പ്രകാരം, ഇത്തരം ബൈക്കുകൾ മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ദുബായിലെ ഡെലിവറി സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് RTA പുറത്തിറക്കിയ ലഘു ഗ്രന്ഥത്തിലാണ് ഇത്തരം പ്രവർത്തന മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ദുബായ് പോലീസ്, ദുബായ് മുനിസിപ്പാലിറ്റി എന്നിവരുമായി സംയുക്തമായാണ് ഈ മാനദണ്ഡങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. എമിറേറ്റിൽ പ്രവർത്തിക്കുന്ന മുഴുവൻ ഡെലിവറി സേവനദാതാക്കൾക്കും ഈ പുതിയ മാനദണ്ഡങ്ങൾ ബാധകമാണ്. ഭക്ഷണം, ഉപകരണങ്ങൾ, മറ്റു വസ്തുക്കൾ മുതലായവ ഡെലിവറി ചെയ്യുന്ന സ്ഥാപനങ്ങളെല്ലാം ഇതിന്റെ പരിധിയിൽ വരുന്നതാണ്.

ഇത് പ്രകാരം, താഴെ പറയുന്ന പ്രവർത്തന നിർദ്ദേശങ്ങൾ ഇത്തരം ഡെലിവറി ബൈക്കുകൾക്ക് ബാധകമാകുന്നതാണ്:

  • ഇത്തരം ബൈക്കുകൾ റോഡുകളിലെ ഇടത് വശത്തെ വരികൾ ഉപയോഗിക്കാൻ പാടുള്ളതല്ല.
  • പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ട്.
  • ഇത്തരം ബൈക്കുകളിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി പുറത്തു കെട്ടിത്തൂക്കിയിടാവുന്ന ബാഗുകൾ ഉപയോഗിക്കരുത്. ഇതിനായി ഉപയോഗിക്കുന്ന പെട്ടികൾ ബൈക്കുകളിൽ നിന്ന് പുറത്തേക്ക് നീണ്ട് നിൽക്കുന്ന രീതിയിൽ വെക്കരുത്.
  • ഇത്തരം ബൈക്കുകളിൽ യാത്രികരെ കയറുന്നതിന് അനുമതിയില്ല.
  • ഇത്തരം ഡെലിവറി ബൈക്കുകൾ ഉപയോഗിക്കുന്നവർ അംഗീകാരമുള്ള ഹെൽമെറ്റ്, സുരക്ഷാ വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കേണ്ടതാണ്.
  • ഡെലിവറി സേവനങ്ങൾക്ക് ഉപയോഗിക്കുന്ന ബൈക്കുകൾ നാല് വർഷത്തിൽ കൂടുതൽ പഴക്കമുള്ളതായിരിക്കരുത്.
  • ഇത്തരം ബൈക്കുകൾ നിർത്തുന്നതിന് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ ഇവ പാർക്ക് ചെയ്യാവൂ.
  • ഡെലിവറി ബൈക്കുകളിൽ ഇത്തരം സേവനങ്ങൾ നൽകുന്ന ജീവനക്കാർ ദുബായ് പോലീസിൽ നിന്ന് ഗുഡ് കണ്ടക്ട് സർട്ടിഫികറ്റ് നേടിയിരിക്കണം.
  • ഇത്തരം ജീവനക്കാർ 21-നും, 55-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
  • ഭക്ഷണം ഡെലിവർ ചെയ്യുന്ന ബൈക്കുകളിൽ കൊണ്ട് പോകുന്ന ഭക്ഷണത്തിൽ പൊടി, മഴ, മറ്റു മാലിന്യങ്ങൾ എന്നിവ ബാധിക്കാത്ത രീതിയിൽ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കണം.
  • ഭക്ഷണം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പെട്ടികളുടെ അകം ഭാഗവും, പുറം ഭാഗവും, കൈകൊണ്ട് സ്പർശിക്കാനിടയാകുന്ന ഭാഗങ്ങളും ദുബായ് മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുള്ള മാർഗങ്ങൾ ഉപയോഗിച്ച് ശുചിയാക്കേണ്ടതാണ്.
  • ഇത്തരം പെട്ടികളിലെ താപനില ഒരേ രീതിയിൽ നിയന്ത്രിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കേണ്ടതാണ്.

ഇത് സംബന്ധിച്ചുള്ള നിയമ ലംഘനങ്ങൾക്ക് 700 ദിർഹം വരെയുള്ള പിഴകൾ ചുമത്താവുന്നതാണ്. രണ്ടിൽ കൂടുതൽ തവണ ലംഘനങ്ങൾ ആവർത്തിക്കുന്നവരുടെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ കൈക്കൊള്ളുമെന്നും RTA അറിയിച്ചിട്ടുണ്ട്.