ദുബായ്: സെഹ്‌ ഷുഐബിൽ വാഹന പരിശോധന, രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾ നൽകുന്ന കേന്ദ്രം ആരംഭിച്ചതായി RTA

GCC News

എമിറേറ്റിലെ സെഹ്‌ ഷുഐബിൽ ഒരു ‘ക്വിക്ക് വെഹിക്കിൾ ടെസ്റ്റിംഗ് ആൻഡ് രജിസ്‌ട്രേഷൻ സെന്റർ’ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. എമിറേറ്റിലെ വാഹനങ്ങളുടെ സാങ്കേതിക പരിശോധന സേവനങ്ങൾ നൽകുന്ന നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനായാണിത്.

2023 ജനുവരി 19-നാണ് RTA ഇക്കാര്യം അറിയിച്ചത്. ദുബായ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ആരംഭിച്ചിട്ടുള്ള ഈ RTA സേവനകേന്ദ്രം സെഹ്‌ ഷുഐബിലെ സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും വാഹന പരിശോധന, രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾ നൽകുന്നതാണ്.

Source: Dubai Media Office.

പരമാവധി അഞ്ഞൂറ് വാഹനങ്ങൾക്ക് വരെ സേവനങ്ങൾ നൽകാനാകുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കേന്ദ്രത്തിൽ എട്ട് ടെസ്റ്റിംഗ് ലേനുകളാണുള്ളത്. ഇതിൽ അഞ്ചെണ്ണം ഹെവി വെഹിക്കിൾ വിഭാഗങ്ങൾക്കും, മൂന്നെണ്ണം ലൈറ്റ് വെഹിക്കിൾ വിഭാഗങ്ങൾക്കുമാണ്.

ഹെവി, ലൈറ്റ് മെക്കാനിക്കൽ വാഹനങ്ങൾക്കുള്ള മൊബൈൽ ടെസ്റ്റിംഗ് സേവനങ്ങളും ഈ കേന്ദ്രത്തിൽ നിന്ന് ലഭ്യമാണ്. ഇത് കൂടാതെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു വി ഐ പി സേവനസംവിധാനം, ഷാസി നമ്പർ പ്രിന്റിങ്ങ് സേവനം എന്നിവയും ഈ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. രാവിലെ 7 മണിമുതൽ രാത്രി 10:30 വരെയാണ് ഈ സേവനകേന്ദ്രം പ്രവർത്തിക്കുന്നത്.

Cover Image: Dubai Media Office.