ദുബായ് ഉം അൽ ഷെയ്‌ഫ് മെട്രോ സ്റ്റേഷന്റെ പേര് ഇക്വിറ്റി മെട്രോ സ്റ്റേഷൻ എന്ന് മാറ്റിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. 2022 ജൂൺ 7-ന് വൈകീട്ടാണ് RTA ഇത് സംബന്ധിച്ച ഒരു അറിയിപ്പ് പുറത്തിറക്കിയത്.
“ദുബായ് ഉം അൽ ഷെയ്‌ഫ് മെട്രോ സ്റ്റേഷന്റെ പേര് ഇക്വിറ്റി മെട്രോ സ്റ്റേഷൻ എന്ന് മാറ്റിയതായി RTA നിങ്ങളെ അറിയിക്കുന്നു. നിങ്ങളുടെ മെട്രോ യാത്രകൾ സുഗമമാക്കുന്നതിനായി സ്റ്റേഷൻ നാമത്തിൽ വരുത്തിയിട്ടുള്ള ഈ മാറ്റം ഓർമ്മയിൽ വെക്കേണ്ടതാണ്.”, RTA ഇത് സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഉം അൽ ഷെയ്‌ഫ് മെട്രോ സ്റ്റേഷന്റെ പേര് ഇക്വിറ്റി മെട്രോ സ്റ്റേഷൻ എന്ന് മാറ്റാൻ തീരുമാനിച്ചതായി RTA 2022 ഏപ്രിൽ 18-ന് അറിയിച്ചിരുന്നു.
ദുബായ് ഉം അൽ ഷെയ്‌ഫ് മെട്രോ സ്റ്റേഷൻ പുനര്‍നാമകരണം ചെയ്യുന്നതിനുള്ള അനുമതി ദുബായിലെ വാണിജ്യ ബ്രാൻഡായ ഇക്വിറ്റി ഗ്രൂപ്പിനാണ് നൽകിയിരിക്കുന്നത്. ഈ അനുമതിയുടെ ഭാഗമായി അടുത്ത പത്ത് വർഷത്തേക്കാണ് ഈ മെട്രോ സ്റ്റേഷൻ ഇക്വിറ്റി മെട്രോ സ്റ്റേഷൻ എന്ന് പുനര്‍നാമകരണം ചെയ്യുന്നത്.
ദുബായിലെ പ്രധാന ഇടങ്ങളുമായി ബന്ധപ്പെടുത്തി വാണിജ്യ ബ്രാൻഡുകൾക്ക് തങ്ങളുടെ പേരുകൾ ഉപയോഗിക്കാൻ അവസരം നൽകുന്ന നയത്തിന്റെ ഭാഗമായാണ് RTA-യുടെ ഈ തീരുമാനം. ഇതേ നയത്തിന്റെ ഭാഗമായി 2021 ഓഗസ്റ്റിൽ RTA ദുബായ് മറീന മെട്രോ സ്റ്റേഷന്റെ പേര് ശോഭ റിയൽറ്റി മെട്രോ സ്റ്റേഷൻ എന്നും, അൽ ജഫ്‌ലിയ സ്റ്റേഷന്റെ പേര് ‘മാക്സ് ഫാഷൻ’ എന്നും, അൽ റഷ്ദിയാ സ്റ്റേഷന്റെ പേര് ‘സെന്റർപോയിന്റ്’ എന്നും മാറ്റിയിരുന്നു.