എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഒരു ദിവസത്തെ യാത്രികരുടെ എണ്ണത്തിലാണ് RTA ഈ റെക്കോർഡ് കുറിച്ചത്.
ഒറ്റ ദിവസം കൊണ്ട് RTA-യുടെ പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയവരുടെ എണ്ണം 2 ദശലക്ഷം യാത്രികർ എന്ന റെക്കോർഡ് നേട്ടം കുറിച്ചതായാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിരിക്കുന്നത്. 2023 ഫെബ്രുവരി 23-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
RTA-യുടെ കീഴിലുള്ള മെട്രോ, ടാക്സി, ബസ്, ട്രാം, മറൈൻ ട്രാൻസ്‌പോർട്ട്, ഷെയേർഡ് മൊബിലിറ്റി തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിലുമായി യാത്ര ചെയ്തവരുടെ ആകെ എണ്ണം അടിസ്ഥാനമാക്കിയാണ് ഈ നേട്ടം.
ലോകത്തെ തന്നെ ഏറ്റവും മികച്ച പൊതുഗതാഗത സേവനങ്ങൾ നൽകുന്നതിന് ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം RTA-യെ അഭിനന്ദിച്ചു.