എമിറേറ്റിൽ ബൈക്ക് ഉപയോഗിച്ചുള്ള ഡെലിവറി സേവനമേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്കായി മൂന്ന് പ്രത്യേക വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഇവ നിർമ്മിക്കുന്നതിനായി ദുബായിലെ വാണിജ്യമേഖലയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് RTA ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.
2023 മാർച്ച് 5-നാണ് RTA ഇക്കാര്യം അറിയിച്ചത്. താഴെ പറയുന്ന മൂന്ന് ഇടങ്ങളിലായാണ് ഇത്തരം വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് RTA പദ്ധതിയിടുന്നത്:
- ഷെയ്ഖ് സായിദ് റോഡിൽ ജബൽ അലി വില്ലേജിലെ ഫെസ്റ്റിവൽ പ്ലാസയുടെ സമീപം.
- അൽ മുറാഖാബത് സ്ട്രീറ്റ് 22-ന് സമീപം പോർട്ട് സയീദിൽ.
- അൽ മനാമ സ്ട്രീറ്റിന് സമീപം റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ മേഖല 2-ൽ.
എമിറേറ്റിൽ ബൈക്ക് ഉപയോഗിച്ചുള്ള ഡെലിവറി സേവനമേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതിനായാണ് RTA ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. ഈ കേന്ദ്രങ്ങളിൽ നിന്ന് ഇത്തരം ജീവനക്കാർക്ക് തങ്ങളുടെ ബൈക്കുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും, ഇന്ധനം നിറയ്ക്കുന്നതിനും, വിശ്രമിക്കുന്നതിനും, ഭക്ഷണം കഴിക്കുന്നതിനുമുള്ള വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതാണ്.
പൊതു സുരക്ഷ, ഈ സേവന മേഖലയുമായി ബന്ധപ്പെട്ട നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പടെയുള്ള ലഘുലേഖകൾ, മറ്റു വിദ്യാഭ്യാസസംബന്ധിയായ സാമഗ്രികൾ എന്നിവയും ഇത്തരം വിശ്രമകേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കുന്നതാണ്. ദുബായിലെ ഡെലിവറി സേവനമേഖല കൂടുതൽ സുരക്ഷിതമാക്കുന്നതിനും, ഈ മേഖലയുടെ പ്രവർത്തനം ക്രമീകരിക്കുന്നതിനും RTA ഇതിലൂടെ ലക്ഷ്യമിടുന്നു.
2022-ൽ അതിന് തൊട്ട് മുൻപുള്ള വർഷത്തെ അപേക്ഷിച്ച് എമിറേറ്റിലെ ഡെലിവറി സേവന മേഖല ഏതാണ്ട് 48.3 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2022 ഡിസംബറിലെ കണക്കുകൾ പ്രകാരം 2891 സ്ഥാപനങ്ങളാണ് ദുബായിൽ ഈ സേവനമേഖലയിൽ പ്രവർത്തിക്കുന്നത്.
എമിറേറ്റിലെ ഡെലിവറി സേവനമേഖലയിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിൾ റൈഡർമാരുടെ കർത്തവ്യനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നത് ലക്ഷ്യമിട്ട് ഇവർക്ക് കഴിഞ്ഞ ഡിസംബറിൽ RTA ഡ്രൈവിംഗ് യോഗ്യത തെളിയിക്കുന്ന ഒരു പ്രത്യേക സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.