ദുബായ്: റോഡ് അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്ന വിവിധ ഘടകങ്ങൾ നിർമ്മിക്കാൻ 3D പ്രിന്റിങ്ങ് പ്രയോജനപ്പെടുത്തുന്നതായി RTA

GCC News

റോഡുകളുടെയും, അനുബന്ധ സംവിധാനങ്ങളുടെയും അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്ന വിവിധ ഘടകങ്ങൾ നിർമ്മിക്കാനുതകുന്ന 3D പ്രിന്റിങ്ങ് സാങ്കേതികവിദ്യ ആസൂത്രണം ചെയ്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. റോഡ് അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്ന ക്ലാഡിങ്ങ് മറ്റീരിയലുകൾ, ഇലക്ട്രോമെക്കാനിക്കൽ സംവിധാനങ്ങളുടെ സ്പെയർ പാർട്സ് എന്നിവയാണ് RTA ഇത്തരത്തിൽ 3D പ്രിന്റിങ്ങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ട് നിർമ്മിക്കുന്നത്.

നൂതന സാങ്കേതികവിദ്യകളും, സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിനായും, 3D പ്രിന്റിങ്ങ് സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ദുബായ് സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായുമാണ് ഈ തീരുമാനമെന്ന് RTA സിഇഓ മൈത ബിൻ ആദായ് അറിയിച്ചു. ഇതിനായി കഴിഞ്ഞ ഏതാനം മാസങ്ങൾക്കിടയിൽ ഒരു പ്രത്യേക സംവിധാനം RTA രൂപപ്പെടുത്തിയതായും, ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും, പരീക്ഷണങ്ങളും നടത്തിയതായും അവർ കൂട്ടിച്ചേർത്തു.

3D പ്രിന്റിങ്ങ് സാങ്കേതികവിദ്യയിൽ വിദഗ്‌ദ്ധരായ സ്ഥാപനങ്ങളുമായി ചേർന്ന് കൊണ്ട് റോഡ് അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്ന വിവിധ ഘടകങ്ങളുടെ ലഭ്യത കൂടുതൽ സുഗമമാക്കുന്നതിന് RTA ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് ബിൻ ആദായ് അറിയിച്ചു. വിവിധ കൺട്രോൾ ഉപകരണങ്ങൾ, പ്രൊപ്പലർ ഫാൻ, ദുബായിലെ റോഡുകളിലെ ടണൽ ചുമരുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ക്ലാഡിങ്ങ് മറ്റീരിയലുകൾ തുടങ്ങിയവയുടെ നിർമ്മാണം ഇത്തരത്തിൽ ഫലപ്രദമായതായി അവർ കൂട്ടിച്ചേർത്തു.

WAM