ദുബായ്: ട്രാം സിഗ്നലുകൾ മറികടക്കുന്നവർക്ക് പിഴ ചുമത്തും

featured GCC News

എമിറേറ്റിലെ ട്രാം സർവീസുകൾക്ക് തടസം വരുത്തുന്ന രീതിയിൽ അവയുമായി ബന്ധപ്പെട്ട സിഗ്നലുകൾ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് ദുബായ് അധികൃതർ അറിയിച്ചു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് (RTA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നഗരത്തിലെ ട്രാം ട്രാക്കുകൾക്ക് അരികിലുള്ള റോഡുകളിലൂടെ വാഹനങ്ങളോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് RTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ട്രാം സിഗ്നലുകൾ മറികടക്കുക, ട്രാം ട്രാക്കുകളിലേക്ക് അനധികൃതമായി വാഹനങ്ങളോടിച്ച് കയറ്റുക തുടങ്ങിയ ഡ്രൈവിംഗ് ശൈലികൾ ട്രാം സേവനങ്ങൾക്ക് തടസമുണ്ടാക്കുമെന്നും, അപകടങ്ങൾക്കിടയാക്കുമെന്നും RTA കൂട്ടിച്ചേർത്തു.

ട്രാം ട്രാക്കുകൾക്ക് തടസമുണ്ടാക്കുന്നവർക്ക് കനത്ത പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്. ട്രാം ട്രാക്കുകൾ തടസപ്പെടുത്തുക, ഇതുമായി ബന്ധപ്പെട്ട അനധികൃത മേഖലകളിലേക്ക് പ്രവേശിക്കുക, അനുവാദമില്ലാത്ത ഇടങ്ങളിലൂടെ ട്രാം ട്രാക്കുകൾ മുറിച്ച് കടക്കുക തുടങ്ങിയ പ്രവർത്തികൾക്ക് 1000 ദിർഹം പിഴ ചുമത്തുന്നതാണ്.

ട്രാം സർവീസുകളുടെ സുരക്ഷയ്ക്ക് തടസം സൃഷ്ടിക്കുന്ന പ്രവർത്തികൾക്ക് 2000 ദിർഹം പിഴ ചുമത്തുന്നതാണ്. ട്രാം ട്രെയിനുകൾ തടസപ്പെടുത്തുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുന്നതാണ്. ട്രാം ട്രാക്കുകളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുന്നതാണ്.