എമിറേറ്റിലെ പൈതൃക മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ ഷിന്ദഗ മ്യൂസിയം, 2023 മാർച്ച് 6, തിങ്കളാഴ്ച, ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. 2023 മാർച്ച് 6-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഷെയ്ഖ് സയീദ് അൽ മക്തൂം ഭവനത്തിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചത്.

ദുബായ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ H.H. ഷെയ്ഖ് അഹ്‌മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ H.H. ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് മീഡിയ ഇൻകോർപറേറ്റഡ് ചെയർമാൻ ഷെയ്ഖ് ഹാഷിർ ബിൻ മക്തൂം ബിൻ ജുമാ അൽ മക്തൂം, ക്യാബിനറ്റ് അഫയേഴ്‌സ് വകുപ്പ് മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി, മറ്റു ഉന്നത ഉദ്യോഗസ്ഥർ മുതലായവർ ഈ ചടങ്ങിൽ പങ്കെടുത്തു.
നവീകരിച്ച ഈ മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിന് ശേഷം, അദ്ദേഹം മ്യൂസിയത്തിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ചു.

ദുബായ് നഗരത്തിന്റെ സാംസ്കാരിക, ചരിത്ര പൈതൃകങ്ങൾ സംരക്ഷിക്കേണ്ടത് തുടർന്നുകൊണ്ടിരിക്കുന്ന ഒരു ചുമതലയാണെന്നും, ദുബായിയുടെ ദേശീയ സത്വം, വിഭിന്നമായ മൂല്യങ്ങൾ എന്നിവ മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കുന്നതിനായി നടത്തുന്ന ആത്‌മര്‍പ്പണമാണിതെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

“നമ്മുടെ പൈതൃകം ഉൾകൊള്ളുന്ന സാംസ്‌കാരിക ദീപസ്‌തംഭങ്ങളാണ് നമ്മുടെ മ്യൂസിയങ്ങൾ. ദുബായിയുടെ ചരിത്രം, സംസ്കാരം എന്നിവ ലോകം അറിയേണ്ടതുണ്ടെന്ന് നമ്മൾ കരുതുന്നു.”, അദ്ദേഹം വ്യക്തമാക്കി.

അൽ ഷിന്ദഗ മേഖലയിലെ 310000 സ്‌ക്വയർ മീറ്ററിൽ പരന്ന് കിടക്കുന്ന ഒരു പ്രദേശത്തെ ഒരു ഓപ്പൺ എയർ മ്യൂസിയം എന്ന രീതിയിൽ സംരക്ഷിക്കുന്നതിനായി ദുബായ് ഭരണാധികാരി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നവീകരിച്ച മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ദുബായ് നഗരത്തിന്റെ അസാധാരണമായ നേട്ടങ്ങൾ, മാനുഷിക, സാംസ്‌കാരിക മേഖലകളിൽ ഈ നഗരം ഉൾകൊള്ളുന്ന വിഭിന്നമായ ഭാവങ്ങൾ എന്നിവ സന്ദർശകർക്ക് മുന്നിൽ എടുത്ത് കാട്ടുന്നതിന് ഈ മ്യൂസിയത്തിലൂടെ ലക്ഷ്യമിടുന്നു.
“ദുബായ് എന്ന നഗരത്തിന്റെ എളിയ രീതിയിലുള്ള തുടക്കം, ഈ നഗരത്തിന്റെ ആദർശങ്ങൾ, പൈതൃകം, ദുബായ് ജനതയുടെ പാരമ്പര്യം എന്നിവ സന്ദർശകർക്ക് മുൻപിൽ എടുത്ത് കാട്ടുന്ന രീതിയിലാണ് അൽ ഷിന്ദഗ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. അൽ ഷിന്ദഗ ചരിത്ര മേഖലയിൽ ചരിത്ര പ്രാധാന്യമുള്ള 162 കെട്ടിടങ്ങൾ ഉൾപ്പെടുന്നു.”, ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ H.H. ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.

“ഈ മേഖലയിലെ 80 ഭവനങ്ങളിൽ ഒരുക്കിയിട്ടുള്ള 22 പവലിയനുകൾ പരമ്പരാഗത എമിറാത്തി ജീവിതരീതികൾ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നു. ഞങ്ങളുടെ പൂര്‍വ്വികരുടെ നിശ്ചയദാര്‍ഢ്യം, ദുബായ് എന്ന എമിറേറ്റിന്റെ ആവിർഭാവത്തിലേക്കും, അതിന്റെ വികാസത്തിലേക്കുമുള്ള പ്രയാണം എന്നിവയുടെ ആഖ്യാനമാണ് ഈ മ്യൂസിയം.”, അവർ കൂട്ടിച്ചേർത്തു.
ദുബായ് ക്രീക്ക് പ്രദേശത്താണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. ദുബായ് നഗരത്തിന്റെ ചരിത്രം, സംസ്കാരം എന്നിവ ഉൾകൊള്ളുന്ന വിവിധ ആശങ്ങളിൽ ഊന്നിയാണ് ഈ മ്യൂസിയത്തിന്റെ പവലിയനുകൾ ഒരുക്കിയിരിക്കുന്നത്. ദുബായ് ക്രീക്ക് – നഗരത്തിന്റെ പിറവി, ജനങ്ങൾ വിശ്വാസങ്ങൾ, പെർഫ്യൂം ഹൗസ്, പരമ്പരാഗത കരകൗശലവേലകൾ, ആഭരണങ്ങൾ, ട്രഡീഷണൽ ഫുഡ് ഹൗസ്, അൽ മക്തൂം ഭവനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
WAM