യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ക്രൊയേഷ്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, സുഡാൻ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. 2022 മാർച്ച് 5-നാണ് അദ്ദേഹം ഈ പവലിയനുകൾ സന്ദർശിച്ചത്.
എക്സ്പോ വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം മൊബിലിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പവലിയൻ സന്ദർശിച്ചു. ഈ പവലിയനിൽ വെച്ച് അദ്ദേഹം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ വൈസ് പ്രസിഡണ്ട് റേഖൽ പെന്യയുമായി കൂടിക്കാഴ്ച്ച നടത്തി.
എക്സ്പോ വേദിയിൽ വെച്ച് നടക്കുന്ന ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ നാഷണൽ ഡേ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് വൈസ് പ്രസിഡണ്ട് യു എ ഇയിലെത്തിയിരിക്കുന്നത്. വാണിജ്യം, നിക്ഷേപം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തമാക്കുന്നത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
കരീബിയൻ മേഖലയിലെ ഏറ്റവും വൈവിധ്യമാർന്ന രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ടൂറിസം സാധ്യതകൾ എടുത്ത് കാട്ടുന്ന രീതിയിലാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പവലിയനിലെത്തുന്ന സന്ദർശകർക്ക് രാജ്യത്തിന്റെ ടൂറിസം സാദ്ധ്യതകൾ, പ്രകൃതി ഭംഗി, സംസ്കാരം എന്നിവ മനസ്സിലാക്കാവുന്നതാണ്. ഇതോടൊപ്പം ഫ്രീ ട്രേഡ് സോണുകൾ അടിസ്ഥാനമാക്കി ഡൊമിനിക്കൻ റിപ്പബ്ലിക്ക് കൈവരിച്ചിട്ടുള്ള വാണിജ്യ നേട്ടങ്ങളും ഈ പവലിയൻ ചൂണ്ടിക്കാട്ടുന്നു.
എക്സ്പോ 2020 വേദിയിലൂടെയുള്ള പര്യടനം തുടർന്ന അദ്ദേഹം മൊബിലിറ്റി ഡിസ്ട്രിക്റ്റിൽ തന്നെ സ്ഥിതിചെയ്യുന്ന ക്രൊയേഷ്യയുടെ പവലിയനും സന്ദർശിച്ചു. പവലിയനിൽ വെച്ച് അദ്ദേഹം ക്രൊയേഷ്യൻ പ്രധാന മന്ത്രി ആന്ദ്രേയ് പ്ളെൻകോവിച്ചുമായി കൂടിക്കാഴ്ച്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു. ‘ക്രൊയേഷ്യ: പരിധികൾക്കും അപ്പുറം’ എന്ന ആശയത്തിലൂന്നിയാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ മുഴുവൻ മേഖലകളെയും പ്രതിനിധീകരിക്കുന്ന സാംസ്‌കാരിക പ്രതീകങ്ങളെ പ്രത്യേകം ചൂണ്ടിക്കാട്ടുന്ന രീതിയിലാണ് ഈ പവലിയൻ.
മൊബിലിറ്റി എന്ന ആശയത്തിലൂന്നിക്കൊണ്ട് ക്രൊയേഷ്യയിൽ നിന്നുള്ള ഏറ്റവും മികച്ച ചിന്തകരുടെ ആശയങ്ങളും, അവർ ആഗോള സംസ്കാരം, കല തുടങ്ങിയവയെ എങ്ങിനെ സ്വാധീനിച്ചു എന്നതും ഈ പവലിയനിൽ ദൃശ്യമാണ്.
തുടർന്ന് അദ്ദേഹം മൊബിലിറ്റി ഡിസ്ട്രിക്റ്റിൽ തന്നെ സ്ഥിതിചെയ്യുന്ന സുഡാൻ പവലിയനും സന്ദർശിച്ചു. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം, പ്രാചീന ചരിത്രം എന്നിവ എടുത്ത് കാട്ടുന്നതിനൊപ്പം ആധുനിക കാലത്തെ നേട്ടങ്ങളെ ചൂണ്ടിക്കാട്ടുന്നതിനും ഈ പവലിയൻ ശ്രദ്ധ ചെലുത്തുന്നു.
ഇൻവെൻഷൻസ് ആൻഡ് ഇന്നോവേഷൻസ് റൂം എന്ന ആശയം രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള വിവിധ ആശയങ്ങളെയും, ഉത്പന്നങ്ങളെയും പരിചയപ്പെടുത്തുന്നു. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ രൂപകല്പനയ്ക്ക് പേരുകേട്ട പരമ്പരാഗത നൂബിയൻ ഭവനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്.
തുടർന്ന് ഷെയ്ഖ് മുഹമ്മദ് മൊബിലിറ്റി ഡിസ്ട്രിക്റ്റിൽ തന്നെ സ്ഥിതിചെയ്യുന്ന മെക്സിക്കോയുടെ പവലിയനിലെത്തി. മെക്സിക്കോ എന്ന രാജ്യത്തിന്റെ ജീവിതരീതി, കല, സംസ്കാരം, പാരമ്പര്യം എന്നിവയെ ഈ പവലിയൻ എടുത്ത് കാട്ടുന്നു.
മെക്സിക്കോയുടെ ലോകപ്രശസ്തമായ ദിയ ദേ ലോസ് മുഎർത്തൊസ് (മരിച്ചവരുടെ ദിനം) എന്ന ആഘോഷത്തിൽ പങ്കെടുക്കാൻ ഈ പവലിയനിലെത്തുന്ന സന്ദർശകർക്ക് അവസരം ലഭിക്കുന്നു. മെക്സിക്കോയിൽ നിന്നുള്ള മികച്ച കലാകാരന്മാർ, കൈത്തൊഴില്‍ക്കാർ, അഭിനേതാക്കൾ തുടങ്ങിയവരുടെ കലാസൃഷ്ടികളോടൊപ്പം, രാജ്യത്തെ പുരാവസ്‌തുക്കൾ, സംഗീത ഉപകരണങ്ങൾ എന്നിവയും സന്ദർശകർക്കായി ഈ പവലിയനിൽ ഒരുക്കിയിട്ടുണ്ട്.
WAM