എക്സ്പോ 2020 ദുബായ്: ദുബായ് ഭരണാധികാരി ജോർദാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ പവലിയൻ സന്ദർശിച്ചു

featured UAE

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ജോർദാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. നവംബർ 13-നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഈ പവലിയനുകൾ സന്ദർശിച്ചത്.

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ സയീദ് അൽ മക്തൂം, എക്സ്പോ 2020 ദുബായ് ഉന്നത സമിതി ചെയർമാൻ H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എക്സ്പോ 2020 ദുബായ് ഡയറക്ടർ ജനറലും, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രിയുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാശിമി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.

ജോർദാൻ പവലിയനിലെത്തിയ അദ്ദേഹത്തെ ജോർദാൻ പ്രധാനമന്ത്രി ബിഷേർ അൽ ഖസൗനെഹ് സ്വാഗതം ചെയ്തു. ജോർദാൻ എന്ന രാഷ്ട്രത്തിന്റെ ജനങ്ങളെയും, സംസ്കാരത്തെയും, ചരിത്രത്തെയും യു എ ഇയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സന്ദർശനവേളയിൽ അറിയിച്ചു. ജോർദാനുമായി യു എ ഇ പുലർത്തുന്ന സഹോദരപരമായ ബന്ധങ്ങൾ ശക്തമായി തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സ്പോ 2020 വേദിയിലെ മൊബിലിറ്റി ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ജോർദാൻ പവലിയൻ രാജ്യത്തിന്റെ ചരിത്രം, വിനോദ സഞ്ചാരമേഖലയിലെ സാധ്യതകൾ, ഭാവി പദ്ധതികൾ എന്നിവ സന്ദർശകർക്ക് മുന്നിൽ അനാവരണം ചെയ്യുന്നു. ജോർദാൻ എന്ന രാജ്യത്തിന്റെ കാഴ്ച്ചകൾ അനുഭവവേദ്യമാക്കുന്നതിനായി ഒരുക്കിയിട്ടുള്ള 30 മീറ്ററോളം ദൈർഘ്യമുള്ള ചുറ്റിവളഞ്ഞ രീതിയിൽ നിർമ്മിച്ചിട്ടുള്ള ഒരു നടപ്പാത ഈ പവലിയനിലെ പ്രത്യേകതയാണ്.

Source: Dubai Media Office.

സന്ദർശകർക്കായി ജോർദാനിയൻ കരകൗശലവിദഗ്ധർ ഒരുക്കിയിട്ടുള്ള കരകൗശലവസ്തുൾ, തനത് ഉത്പന്നങ്ങൾ എന്നിവ ലഭ്യമാക്കുന്ന ഒരു സേവനവും ഈ പവലിയനിൽ ഒരുക്കിയിട്ടുണ്ട്.

തുടർന്ന് H.H. ഷെയ്ഖ് മക്തൂം സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന സിംഗപ്പൂർ പവലിയൻ സന്ദർശിച്ചു. സമൃദ്ധമായ പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമായ സിംഗപ്പൂർ പവലിയൻ സുസ്ഥിര വികസനത്തിന്റെ ഉത്തമ ഉദാഹരണമാണ്.

പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ടുള്ള വികസനപദ്ധതികൾ ഒരുക്കുന്നതിൽ സിംഗപ്പൂർ എന്ന രാജ്യം പ്രകടമാക്കുന്ന മിടുക്ക്, അതിനായി ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതികവിദ്യകൾ എന്നിവ ഈ പവലിയനിൽ ദർശിക്കാവുന്നതാണ്. സീറോ എനർജി രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പവലിയൻ ഭൂമിശാസ്‌ത്രപരമായ പരിമിതികൾ മറികടന്ന് കൊണ്ട് ലോകത്തെ തന്നെ ഏറ്റവും മികച്ച വാസയോഗ്യമായ രാജ്യമായി സിംഗപ്പൂർ മാറിയതെങ്ങിനെയെന്ന് ചൂണ്ടിക്കാട്ടുന്നു.

സന്ദർശകർക്ക് പര്യവേക്ഷണം നടത്താനും, അടുത്തറിയാനും അവസരം നൽകുന്ന രീതിയിലൊരുക്കിയിട്ടുള്ള അതിനിബിഡമായ മഴക്കാടുകൾ സിംഗപ്പൂർ പവലിയന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. സിംഗപ്പൂർ മുന്നോട്ട് വെക്കുന്ന പ്രധാന ദർശനങ്ങളിലൊന്നായ ‘പ്രകൃതിയിൽ രൂപപ്പെടുത്തിയ നഗരം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ഓപ്പൺ എയർ രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ പവലിയനിലെ 1500 സ്‌ക്വയർ മീറ്റർ പ്രദേശത്ത് ഉഷ്ണമേഖലാ സസ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

WAM