യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി സിറിയ, പരാഗ്വേ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ ധനമന്ത്രിയും, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
എക്സ്പോ വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം മൊബിലിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന പരാഗ്വേയുടെ പവലിയൻ സന്ദർശിച്ചു. ഈ പവലിയനിൽ വെച്ച് അദ്ദേഹം പരാഗ്വേയുടെ പ്രസിഡണ്ട് മാരിയോ അബ്ദോ ബെനിറ്റസുമായി കൂടിക്കാഴ്ച്ച നടത്തി.
എക്സ്പോ വേദിയിൽ വെച്ച് നടക്കുന്ന പരാഗ്വേ നാഷണൽ ഡേ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് പ്രസിഡണ്ട് ബെനിറ്റസ് യു എ ഇയിലെത്തിയിരിക്കുന്നത്. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾ ശക്തമാക്കുന്നത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ജലം, വീണ്ടും ഉപയോഗിക്കാവുന്ന ഊർജ്ജ നിർമ്മാണം, മൊബിലിറ്റി തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ള വിവിധ പ്രദർശനങ്ങൾ പരാഗ്വേയുടെ പവലിയനിൽ ദർശിക്കാവുന്നതാണ്. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സ് എന്ന നിലയിൽ ജലത്തെ എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന് ഈ പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പരാഗ്വേ തങ്ങളുടെ നദികൾ, ഭക്ഷ്യ ഉത്പാദനം എന്നിവയാൽ മറ്റു രാജ്യങ്ങളുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും ഈ പവലിയനിലെത്തുന്ന സന്ദർശകർക്ക് മനസ്സിലാക്കാവുന്നതാണ്.
ഭക്ഷ്യ വിഭവങ്ങൾ, ഹൈഡ്രോ ഇലെക്ട്രിസിറ്റി എന്നിവയാണ് പരാഗ്വേയുടെ മുഖ്യ കയറ്റുമതി വിഭവങ്ങൾ. പരാഗ്വേ എന്ന രാജ്യത്തിന്റെ പൈതൃകം, സംസ്കാരം, സുസ്ഥിരതയിൽ ഊന്നിയുള്ള പുരോഗതി, പുതിയ വാണിജ്യ അവസരങ്ങൾ എന്നിവ സന്ദർശകർക്ക് മുന്നിൽ ഈ പവലിയൻ എടുത്ത് കാട്ടുന്നു.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് തുടർന്ന് മൊബിലിറ്റി ഡിസ്ട്രിക്റ്റിൽ തന്നെ സ്ഥിതിചെയ്യുന്ന സിറിയയുടെ പവലിയനും സന്ദർശിച്ചു. സിറിയയുടെ ചരിത്രം, സംസ്കാരം, ഭാവിയെക്കുറിച്ചുളള ആഗ്രഹങ്ങൾ എന്നിവ ചൂണ്ടിക്കാട്ടുന്ന രീതിയിലാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്.
മനുഷ്യകുലത്തിന്റെ പുരോഗതിയിൽ നിരവധി സംഭവങ്ങൾ ചെയ്ത ഒരു രാജ്യം എന്ന നിലയിൽ സിറിയയെ ഈ പവലിയൻ ഉയർത്തിക്കാട്ടുന്ന. ‘നാം ഒത്തൊരുമിച്ച് മുന്നേറും’ എന്ന ആശയത്തിലൂന്നിയാണ് സിറിയൻ പവലിയൻ ഒരുക്കിയിരിക്കുന്നത്.
ബി സി 15000 കാലഘട്ടത്തിൽ ആഗോളതലത്തിൽ തന്നെയുള്ള ആദ്യത്തെ കാർഷിക സംസ്കാരങ്ങളിൽ ഏതാനം ചിലത് സിറിയയിൽ എങ്ങിനെ രൂപപ്പെട്ടു എന്നതിന്റെ ചരിത്രം ഈ പവലിയൻ എടുത്ത് കാട്ടുന്നു. എണ്ണം തിട്ടപ്പെടുത്തുന്നതിന്റെയും, കളിമണ്ണിൽ നിർമ്മിച്ച അക്കങ്ങളിലൂടെ കണക്ക് സൂക്ഷിക്കുന്നതിന്റെയും ആദിമ രൂപത്തിന് ജന്മം നൽകുന്നതിൽ സിറിയ വഹിച്ച പങ്ക് ഈ പവലിയനിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.
വടക്കൻ സിറിയയിൽ വെങ്കലയുഗത്തിൽ നിലനിന്നിരുന്ന പ്രാചീന തുറമുഖവും, വാണിജ്യ നഗരവുമായ ഉഗരിത്തിൽ നിലനിന്നിരുന്ന അക്ഷരമാലയുടെ അനന്യമായ പകർപ്പ് ഈ പവലിയനിലെത്തുന്ന സന്ദർശകർക്ക് അടുത്ത് കാണാൻ അവസരം ലഭിക്കുന്നു. സിറിയയിൽ നിലനിന്നിരുന്ന ആദിമ എഴുത്ത് രീതികളെക്കുറിച്ച് മനസിലാക്കുന്നതിനും, പ്രാചീന ലിപികളെകുറിച്ച് അറിയുന്നതിനും ഇതിലൂടെ സന്ദർശകർക്ക് സാധിക്കുന്നതാണ്.
WAM