യു എ ഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബിയിലെ യാസ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന സീവേൾഡ് സന്ദർശിച്ചു. 2023 ജൂലൈ 11-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ലോകത്തെ തന്നെ ഏറ്റവും വലിയ അക്വേറിയം സ്ഥിതി ചെയ്യുന്ന ഈ സമുദ്ര-ജീവി സംരക്ഷണ/പ്രദർശന കേന്ദ്രം അബുദാബിയുടെ പരിസ്ഥിതി സംരക്ഷണ നയങ്ങൾക്കനുസൃതമായാണ് നിർമ്മിച്ചിരിക്കുന്നത്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ തന്നെ ആദ്യത്തെ മറൈൻ ലൈഫ് തീം പാർക്കാണ് യാസ് ഐലൻഡിലെ സീവേൾഡ്. യു എസിന് പുറത്ത് നിർമ്മിച്ചിട്ടുള്ള ആദ്യത്തെ സീവേൾഡ് പാർക്കാണ് ഇത്.

യാസ് ഐലൻഡിലെ സീവേൾഡിന്റെ പ്രത്യേകതകൾ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സന്ദർശന വേളയിൽ മനസ്സിലാക്കി. പൊതു, സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ നിർമ്മിച്ചിട്ടുള്ള ഈ ലോകോത്തര നിലവാരമുള്ള പാർക്കിനെ അദ്ദേഹം പ്രശംസിച്ചു.

ആഗോളതലത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ഇടങ്ങളിലൊന്ന് എന്ന യു എ ഇയുടെ സ്ഥാനം ഉറപ്പിക്കുന്നതിന് ഈ പാർക്ക് മുതൽക്കൂട്ടായതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

യാസ് ഐലൻഡിലെ സീവേൾഡ് അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2023 മെയ് 20-ന് ഉദ്ഘാടനം ചെയ്തിരുന്നു.
മേഖലയിലെ കടൽ ജീവികളുടെ സംരക്ഷണം, കടൽ ആവാസവ്യവസ്ഥകളുടെയും, വാസസ്ഥലങ്ങളുടെയും സംരക്ഷണം, സമുദ്ര ആവാസവ്യവസ്ഥയിലെ ജൈവവൈവിദ്ധ്യത്തിന്റെ വര്‍ദ്ധനവ് എന്നിവ ലക്ഷ്യമിട്ടാണ് ഈ സമുദ്ര-ജീവി സംരക്ഷണ/പ്രദർശന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സീവേൾഡ് പാർക്സ് ആൻഡ് എന്റർടൈമെന്റ്, മിറാൾ എന്നിവർ സംയോജിച്ചാണ് യാസ് ഐലൻഡിലെ സീവേൾഡ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
അഞ്ച് ഇൻഡോർ ലെവലുകളിൽ ഏതാണ്ട് 183000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ ഒരുക്കിയിട്ടുള്ള സീവേൾഡ് ആഗോളതലത്തിൽ തന്നെ ഏറ്റവും ചെലവേറിയതും, വലുതുമായ ഇത്തരം പദ്ധതിയാണ്. ആകെ 25 ദശലക്ഷം ലിറ്ററിലധികം ജലം ഉൾകൊള്ളുന്ന ഈ അക്വേറിയത്തിൽ 68000-ത്തിൽ പരം സമുദ്രജല ജീവികൾ ഉണ്ടായിരിക്കും.
Cover Image: Dubai Media Office.