ദുബായ്: 2022 ഫെബ്രുവരി 26 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

featured UAE

എമിറേറ്റിലെ COVID-19 നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 26, ശനിയാഴ്ച്ച മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ദുബായിലെ സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു. 2022 ഫെബ്രുവരി 25-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നല്കിയത്.

രാജ്യത്തെ COVID-19 പ്രതിരോധ നടപടികളിൽ ശനിയാഴ്ച്ച മുതൽ ഇളവ് അനുവദിക്കാനുള്ള യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ദുബായ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം ഫെബ്രുവരി 26 മുതൽ ദുബായിലെ COVID-19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന ഭേദഗതികൾ പ്രാബല്യത്തിൽ വരുന്നതാണ്:

  • ദുബായിലെ എല്ലാ ഇൻഡോർ പൊതു ഇടങ്ങളിലും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. എന്നാൽ ഔട്ഡോർ പൊതു ഇടങ്ങളിൽ മാസ്കുകൾ ആവശ്യമെങ്കിൽ ഒഴിവാക്കാവുന്നതാണ്.
  • എമിറേറ്റിൽ COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്നവർക്ക്, രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കുന്നില്ലെങ്കിൽ, ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്.
  • ദുബായിലേക്ക് യാത്ര ചെയ്യുന്നവർ തങ്ങളുടെ കൈവശം QR കോഡ് ഉൾപ്പെടുത്തിയിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതേണ്ടതാണ്.
  • ദുബായിലേക്ക് യാത്ര ചെയ്യുന്ന വാക്സിനെടുക്കാത്ത യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. COVID-19 രോഗമുക്തി നേടിയവർക്ക് (യാത്ര ചെയ്യുന്ന തീയതിയ്ക്ക് മുൻപ് ഒരു മാസത്തിനിടയിൽ രോഗമുക്തരായവർക്ക് ബാധകം) ഇത് തെളിയിക്കുന്ന രേഖകൾ (QR കോഡ് നിർബന്ധം) ഹാജരാക്കാവുന്നതാണ്.

രാജ്യത്ത് COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ, രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർ, പള്ളികളിൽ പ്രവേശിക്കുന്ന വിശ്വാസികൾ, ചടങ്ങുകളിൽ പങ്കെടുക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 പ്രതിരോധ നിബന്ധനകളിൽ കൂടുതൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി NCEMA അറിയിച്ചിരുന്നു.