2021-22 അധ്യയന വർഷത്തിൽ എമിറേറ്റിൽ പത്ത് പുതിയ സ്വകാര്യ വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു. ഇതോടെ അടുത്ത അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ദുബായിലെ സ്വകാര്യ മേഖലയിൽ 14671 പുതിയ സീറ്റുകൾ ലഭിക്കുന്നതാണ്.
ജൂൺ 8-ന് രാത്രിയാണ് KHDA ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ കുട്ടികൾക്കായി വിദ്യാഭ്യാസ സേവനങ്ങൾ തിരഞ്ഞെടുക്കുന്നതിന്, എമിറേറ്റിലെ രക്ഷിതാക്കൾക്ക് ഈ പുതിയ വിദ്യാലയങ്ങൾ കൂടുതൽ അവസരങ്ങൾ നൽകുമെന്ന് KHDA പെർമിറ്റ്സ് വിഭാഗം സി ഇ ഓ മൊഹമ്മദ് ഡാർവിഷ് അറിയിച്ചു. എമിറേറ്റിലെ വിദ്യാഭ്യസ മേഖലയുടെ നിലവാരം കൂടുതൽ ഉയർത്തുന്നതിനും, ദുബായിയെ ആഗോളതലത്തിൽ തന്നെ വലിയ ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കുന്നതിനും ഈ പുതിയ വിദ്യാലയങ്ങൾ സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അൽ വർഖ, അൽ കറാമ, അൽ ബർഷ, തിലാൽ അൽ ഗാഫ്, സിറ്റി വാക്, മിർദിഫ്, നദ് അൽ ഷേബാ, അൽ ഖവാനീജ്, റാഷിദിയ മുതലായ ഇടങ്ങളിലാണ് ഈ പുതിയ വിദ്യാലയങ്ങൾ തുറക്കുന്നത്. ഓസ്‌ട്രേലിയൻ, യു കെ, യു എസ്, ഇന്റർനാഷ്ണൽ ബ്രാഞ്ച് തുടങ്ങി വിവിധ പാഠ്യപദ്ധതികൾ പിന്തുടരുന്ന വിദ്യാലയങ്ങളാണ് ദുബായിൽ പുതിയതായി ആരംഭിക്കുന്നത്.
ഇതാദ്യമായാണ് ഓസ്‌ട്രേലിയൻ പാഠ്യപദ്ധതി പിന്തുടരുന്ന ഒരു വിദ്യാലയം ദുബായിൽ ആരംഭിക്കുന്നത്. ഇതിന് പുറമെ, ബ്രിട്ടനിലെ 500 വർഷം പഴക്കമുള്ള അത്യധികം ആദരിക്കപ്പെടുന്ന റോയൽ ഗ്രാമർ സ്കൂൾ ഗിൽഡ്ഫോർഡ് തങ്ങളുടെ ദുബായിലെ കാമ്പസ് അടുത്ത അധ്യയന വർഷത്തിൽ പ്രവർത്തനം തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വരികയാണ്. ഇതോടെ ദുബായിലെ ഇന്റർനാഷ്ണൽ ബ്രാഞ്ച് സ്‌കൂളുകളുടെ എണ്ണം ഏഴിലേക്ക് ഉയരുന്നതാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ദുബായിൽ 25 സ്വകാര്യ വിദ്യാലയങ്ങളാണ് പുതിയതായി ആരംഭിച്ചത്.
WAM