ദുബായ്: വിവാഹ സത്കാര ചടങ്ങുകൾ, മറ്റു സാമൂഹിക ചടങ്ങുകൾ എന്നിവയ്ക്ക് ഒക്ടോബർ 22 മുതൽ അനുമതി

UAE

2020 ഒക്ടോബർ 22, വ്യാഴാഴ്ച്ച മുതൽ, എമിറേറ്റിൽ ഹോട്ടലുകളിലും, മറ്റിടങ്ങളിലും വെച്ച് നടത്തുന്ന വിവാഹ സത്കാര ചടങ്ങുകൾക്ക് അനുമതി നൽകുന്നതായി ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു. മറ്റു സാമൂഹിക ചടങ്ങുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ഒക്ടോബർ 18-ന് വൈകീട്ടാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ തീരുമാനപ്രകാരം ഹാളുകൾ, ഹോട്ടലുകൾ, വീടുകൾ, പാർപ്പിട മേഖലകളിലെ താത്കാലിക ടെന്റുകൾ മുതലായ ഇടങ്ങളിൽ നടത്തുന്ന വിവാഹ സത്കാരം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകൾ ഒക്ടോബർ 22 മുതൽ പുനരാരംഭിക്കുന്നതിനു അനുവാദം ലഭിക്കുന്നതാണ്. കർശനമായ ആരോഗ്യ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായാണ് കമ്മിറ്റി ഇത്തരം ചടങ്ങുകൾക്ക് അനുമതി നൽകിയിട്ടുള്ളത്.

ഹാളുകളിൽ വെച്ച് നടത്തുന്ന ചടങ്ങുകളിൽ പരമാവധി 200 പേർക്കും, വീടുകളിലും, ടെന്റുകളിലും നടത്തുന്ന ചടങ്ങുകൾക്ക് 30 പേർക്കുമാണ് പങ്കെടുക്കാൻ അനുമതി നൽകുന്നത്. കൃത്യമായ സാമൂഹിക അകലം ഇത്തരം ചടങ്ങുകളിൽ ഉറപ്പാക്കേണ്ടതാണ്.

ഒക്ടോബർ 22 മുതൽ വിവാഹ സത്കാര ചടങ്ങുകൾ, മറ്റു സാമൂഹിക ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് നൽകിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ:

  • ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുന്ന ഓരോ ഹാളുകളിലും പരമാവധി 200 പേർക്കാണ് പങ്കെടുക്കാൻ അനുവാദം. വീടുകൾ, ടെന്റുകൾ എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ പരമാവധി 30 പേർക്ക് പങ്കെടുക്കാവുന്നതാണ്. 4 സ്‌ക്വയർ മീറ്ററിൽ ഒരു അതിഥി എന്ന രീതിയിൽ സ്ഥലത്തിന്റെ അളവിനനുസരിച്ച് അതിഥികളുടെ എണ്ണം നിയ്രന്തിക്കേണ്ടതാണ്.
  • ചടങ്ങുകളിൽ പങ്കെടുക്കുന്നവർ ഹസ്തദാനം, ആലിംഗനം മുതലായ ആശംസാ രീതികൾ ഒഴിവാക്കേണ്ടതാണ്.
  • ചടങ്ങുകളിൽ പങ്കെടുക്കുന്നവർ മുഴുവൻ സമയവും മാസ്കുകൾ ഉപയോഗിക്കേണ്ടതാണ്.
  • മേശകളിൽ ഒരേ സമയം അഞ്ച് അതിഥികളിൽ കൂടുതൽ അനുവദിക്കരുത്. മേശകൾ തമ്മിൽ 2 മീറ്റർ എങ്കിലും അകലം ഉറപ്പാക്കേണ്ടതാണ്.
  • അതിഥികൾ മുഖാമുഖം വരുന്ന രീതിയിൽ ഇരിപ്പിടങ്ങൾ ഒരുക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • അതിഥികൾ തമ്മിൽ 1.5 മീറ്ററെങ്കിലും അകലം ഉറപ്പാക്കേണ്ടതാണ്.
  • ചടങ്ങുകൾ നാല് മണിക്കൂർ കൊണ്ട് അവസാനിക്കുന്ന രീതിയിൽ സംഘടിപ്പിക്കേണ്ടതാണ്.
  • പനി, ചുമ മുതലായ രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കരുത്.
  • പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശനങ്ങൾ ഉള്ളവർ എന്നിവർ കഴിയുന്നതും ഇത്തരം ചടങ്ങുകളിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്.

ഈ നിർദ്ദേശങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.