ദുബായ്: മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകാൻ തീരുമാനം

featured GCC News

എമിറേറ്റിലെ മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകാൻ തീരുമാനിച്ചു. ദുബായ് കിരീടാവകാശിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പടെയുള്ള നൂതന സാങ്കേതികവിദ്യകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിന് ആവശ്യമായ വിജ്ഞാനം, വീക്ഷണം എന്നിവ അധ്യാപകർക്ക് നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ദുബായ് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) എന്നിവർ സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

അടുത്തിടെ നടപ്പിലാക്കിയ ദുബായ് യൂണിവേഴ്സൽ ബ്ലൂപ്രിന്റ് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (DUB.AI) മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങളുമായി ചേർന്ന് പോകുന്നതാണ് ഈ തീരുമാനം.