കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങളും, ഡ്രോണുകൾ ഒരുക്കുന്ന മായികകാഴ്ച്ചകളും, പാട്ടും, നൃത്തവും, മറ്റു ആഘോഷങ്ങളും ഒരുക്കി ദുബായിൽ പുതുവത്സരരാവ് അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി മാറി.
“യു എ ഇ എന്ന രാജ്യത്തിന് നേട്ടങ്ങൾ ഏറെ നൽകിയ 2021 എന്ന വർഷത്തോട് നമ്മൾ വിടപറയുന്ന ഈ അവസരത്തിൽ, 2022-നെ ആത്മവിശ്വാസത്തോടും, ശുഭപ്രതീക്ഷകളോടും നാം സ്വാഗതം ചെയ്യുന്നു. മുഴുവൻ ജനങ്ങൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, അവരുടെ രാജ്യങ്ങൾക്കും പുതുവത്സരാശംസകൾ നേരുന്നു. മാനവകുലത്തിന് 2022 സമാധാനവും, സമൃദ്ധിയും സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നു.”, ദുബായ് ഭരണാധികാരിയും, യു എ ഇ വൈസ് പ്രസിഡന്റുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജനങ്ങൾക്ക് നൽകിയ പുതുവത്സര സന്ദേശത്തിൽ വ്യക്തമാക്കി.
“ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളോടും, ശുഭാപ്തി വിശ്വാസത്തോടുമാണ് നമ്മൾ പുതുവർഷത്തെ സ്വാഗതം ചെയ്യുന്നത്. നമ്മുടെ രാജ്യം കൈവരിച്ച പുരോഗതി വരും വർഷങ്ങളിലും തുടരുവാനാകുമെന്ന ദൃഢനിശ്ചയം നമ്മെ പുതിയ വർഷത്തിലേക്ക് നയിക്കുന്നു. പുതിയ വർഷം യു എ ഇയിലെയും, ലോകത്തെയും മുഴുവൻ ജനതയ്ക്കും സൗഖ്യം, സമാധനം എന്നിവ നൽകട്ടെ എന്ന് ആശംസിക്കുന്നു.”, പുതുവർഷത്തെ സ്വാഗതം ചെയ്ത് കൊണ്ട് അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അറിയിച്ചു.
2021-ന് വിടപറഞ്ഞ് കൊണ്ട് 2022-നെ ആനയിക്കുന്ന മുഹൂർത്തത്തെ ഗംഭീരമായ വർണ്ണകാഴ്ച്ചകളോടെയാണ് ദുബായ് എതിരേറ്റത്.
ദീപാലങ്കാരങ്ങൾ, വിസ്മയിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങൾ തുടങ്ങിയവയോടെ ബുർജ് ഖലീഫ 2022-നെ സ്വാഗതം ചെയ്തു.
ഐൻ ദുബായ്, പാം ജുമേയ്റ തുടങ്ങിയ ഇടങ്ങളിലും സന്ദർശകർക്കായി ഭ്രമിപ്പിക്കുന്ന വർണ്ണവിസ്മയങ്ങൾ ഒരുക്കിയിരുന്നു.
പുതുവർഷത്തെ എതിരേൽക്കുന്നതിനായി ബ്ലൂ വാട്ടേഴ്സിൽ അരങ്ങേറിയ ഡ്രോണുകൾ ഉപയോഗിച്ചുള്ള പ്രത്യേക ഷോ സന്ദർശകർക്ക് ആവേശമായി മാറി.
പറക്കുന്ന മാന്ത്രിക പരവതാനി, കാപ്പിക്കോപ്പ, ഓടുന്ന കുതിര തുടങ്ങി നിരവധി മായികകാഴ്ചകളാണ് ഈ ഡ്രോൺ ലൈറ്റ് ഷോയുടെ ഭാഗമായി ആകാശത്ത് തെളിഞ്ഞത്.
Cover Image: Dubai Media Office.