ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ 2.5 ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകാനൊരുങ്ങി ദുബായ് എയർപോർട്ട്

GCC News

2025 ഫെബ്രുവരി 20 മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ രണ്ടര ദശലക്ഷത്തോളം യാത്രികർക്ക് സേവനങ്ങൾ നൽകാൻ ഒരുങ്ങിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു. 2025 ഫെബ്രുവരി 20-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആഗോളതലത്തിലുള്ള വിവിധ പരിപാടികൾ, സ്‌കൂൾ അവധിദിനങ്ങൾ തുടങ്ങിയവ മൂലമാണ് ഈ കാലയളവിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രികരുടെ അസാധാരണമായവിധത്തിലുള്ള തിരക്ക് അനുഭവപ്പെടുന്നത്.

ഈ കാലയളവിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പ്രതിദിനം 280,000 യാത്രികർ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ദിനം 2025 ജനുവരി 22, ശനിയാഴ്ചയായിരിക്കുമെന്നും, ഈ ദിവസം 295,000-ൽ പരം യാത്രികർ ദുബായ് എയർപോർട്ടിലൂടെ സഞ്ചരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 1, 3 എന്നിവയിലേക്കും തിരികെയും സഞ്ചരിക്കുന്നവർ കഴിയുന്നതും ദുബായ് മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.