അബുദാബി: കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിനുള്ള ഒരു പദ്ധതി നടപ്പിലാക്കുന്നു

featured GCC News

കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിനായുള്ള ഒരു പ്രത്യേക പദ്ധതിയ്ക്ക് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) തുടക്കമിട്ടു. എമിറേറ്റിലെ പ്രകൃതി വിഭവങ്ങളെയും സംവിധാനങ്ങളെയും നാൾക്കുനാൾ അധികരിച്ച് വരുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.

അബുദാബി ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ പ്ലാൻ ഫോർ ദി എൻവിറോണ്മെന്റ് സെക്ടർ (2025–2050) എന്ന ഈ പദ്ധതി എമിറേറ്റിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിനുള്ള സമഗ്രവും, ശാസ്ത്രീയമായ അടിത്തറയുള്ളതുമായ ഒരു ശ്രമമാണ്. എമിറേറ്റിൽ ഇത്തരം ഒരു പദ്ധതി ആദ്യമായാണ് നടപ്പിലാക്കുന്നത്.

അബുദാബി ക്ലൈമറ്റ് ചേഞ്ച് സ്ട്രാറ്റജി 2023–2027-ന്റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള ഈ പദ്ധതി യു എ ഇ നാഷണൽ ക്ലൈമറ്റ് ചേഞ്ച് പ്ലാൻ 2017-2050, COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ നിലവിൽ വന്ന യു എ ഇ ഫ്രെയിംവർക് ഫോർ ഗ്ലോബൽ ക്ലൈമറ്റ് റെസിലിയൻസ് എന്നിവയുമായി യോജിക്കുന്നു.