ഈ കൊറോണ കാലം കഴിഞ്ഞാലെങ്കിലും നാം കേരളീയർ നമ്മുടെ കാർഷിക സംസ്കാരത്തെ വീണ്ടെടുക്കാൻ ശ്രമങ്ങൾ നടത്തേണ്ടതാണ്. വർഷങ്ങളായി ഒരു ഉപഭോക്‌തൃ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരത്തെയും ദൈനംദിന ജീവിതത്തെയും മാറ്റിയിരിക്കുന്നു. ഏതൊരു ഉല്പ്പന്നം ഇന്ത്യയിൽ ഇറങ്ങിയാലും അതിന്റെ വലിയ വിപണന സാധ്യതയുള്ള കമ്പോളമായി കേരളം എളുപ്പം മാറുന്നു. ഓരോ ഉല്പന്നങ്ങളെയും അണുമാത്രയിൽ കീറിമുറിച്ച് വിശകലനം ചെയ്യുന്ന നാം മലയാളികൾ, വിഷമടിച്ചതും, ഘനം കൂട്ടാൻ ഹോർമോൺ കുത്തിവയ്ച്ചതുമായ ഭക്ഷ്യവിഭവങ്ങൾ ദിനവും വാങ്ങി ഭക്ഷിക്കുന്നു.
ഗുണ നിലവാരം കാഴ്ചയിൽ മാത്രം ഉണ്ടെന്നു ഉറപ്പാക്കി നമ്മൾ വാങ്ങുന്ന പല കാർഷിക ഉല്പന്നങ്ങളിലും വിഷാംശം നിറഞ്ഞ രാസപദാർത്ഥങ്ങൾ ഉണ്ടെന്ന സത്യം നാം വളരെ വൈകി രോഗാവസ്ഥയിലാകുമ്പോൾ മാത്രം മനസ്സിലാക്കുന്നു. ഇത്തരത്തിലുള്ള പഴവും പച്ചക്കറികളും അണുവിമുക്തമാക്കാനുള്ള ലായിനികൾ വാങ്ങി ഉപയോഗിക്കുമ്പോളും, നാം കാർഷിക സംസ്കൃതിയെക്കുറിച്ച് ചിന്തിക്കാൻ സമയം കണ്ടെത്തുന്നില്ല എന്നത് ഖേദകരമായ സത്യമാണ്.
കേരളത്തിന്റെ സംസ്കാരത്തിൽ കാർഷികവൃത്തിക്കുള്ള പ്രാധാന്യം വളരെ വലുതാണെന്ന സത്യം പലപ്പോഴും നാം ആഘോഷമാക്കുന്നത് വർഷത്തിലൊരിക്കൽ കൊയ്ത്തുത്സവം സംഘടിപ്പിക്കുമ്പോളും, ചേറിലിറങ്ങി വെള്ള ഖദർമുണ്ട് മടക്കിക്കുത്തി കൊയ്ത്തുൽഘാടനം കഴിഞ്ഞു പ്രസംഗത്തിൽ നേതാക്കൾ പറയുമ്പോളാണ്. എന്നാൽ കൃഷിയെക്കുറിച്ച് അടുത്തറിയുമ്പോൾ നമുക്ക് മനസ്സിലാവുന്ന പല സത്യങ്ങളുമുണ്ടെന്നോർക്കണം.
മഴയും വെയിലും തെറ്റിയ ഈ കാലഘട്ടത്തിൽ ഒരു നല്ല വിളവ് പ്രതീക്ഷിച്ച കർഷകന്റെ മുന്നിലേയ്ക്ക് കാറ്റും, മഴയും, കാട്ടാനയും അപ്രതീക്ഷിതമായി കടന്നു വരുമ്പോൾ അവിടെ മണ്ണിന്റെ പോരാളികൾ പരാജയപ്പെടുന്നു . ആ പരാജയത്തിൽ നിന്നും കരകയറുന്നതിനായി അവർ ലഭ്യമായ എല്ലാ സംവിധാനങ്ങളെയും സമീപിക്കുന്നു; പക്ഷെ പലപ്പോഴും ആശ്വാസത്തിനുള്ള നിഴൽ ലഭിക്കാത്തതിനാൽ ചുവപ്പുനാടകളിൽ സ്വയം ജീവിതം ഹോമിക്കുന്നതിനും നാം സാക്ഷിയാകുന്നു. താങ്ങുവിലയും, സബ്‌സിഡിയും, മണ്ണ് പരിശോധനാ സംവിധാനങ്ങളും, കാർഷിക വായ്‌പ്പാ പദ്ധതികളും കർഷകരോട് കൂടി ആലോചിച്ച ശേഷം നടപ്പിലാക്കുകയാണെങ്കിൽ, ‘ഇടനിലക്കാർക്ക് ലാഭവും, കർ ഷകന് കുമ്പിളിൽ തന്നെ കഞ്ഞി’ എന്ന രീതിക്ക് കുറെയൊക്കെ മാറ്റം വരുത്താൻ സഹായിച്ചേക്കാം.
ഒരു സൂക്ഷ്മാണു വിചാരിച്ചാൽ തന്നെ ലോകം സ്തംഭനാവസ്ഥയിൽ എത്തിച്ചേരാം എന്ന സത്യം മനസ്സിലാക്കിയ ഈ നാളുകളിൽ നാം സ്വയം പര്യാപ്തമായ കാർഷിക രീതിയിലേക്ക് മടങ്ങേണ്ടതിന്റെ പ്രാധാന്യം അല്പമെങ്കിലും മനസ്സിലാക്കി, നമുക്ക് വേണ്ട പഴങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിക്കാൻ ശ്രമം തുടങ്ങണം. കൃഷിയെന്നാൽ നെല്ല് എന്ന രീതിയിൽ നിന്നും മാറി മണ്ണ് മനസ്സിലാക്കി വിത്തിറക്കാൻ നാം ഓരോരുത്തരും പ്രയത്നിക്കേണ്ടത് അത്യാവശ്യമാണ്. ഒപ്പം താങ്ങുവിലയ്ക്ക് മുകളിൽ കർഷകന് അവന്റെ അദ്ധ്വാനത്തിനുള്ളത് നേരിട്ട് സംഭരണ തന്ത്രങ്ങളിലൂടെയല്ലാതെ, വിപണി കണ്ടെത്തിക്കൊടുക്കുന്നതിലൂടെ നേടികൊടുക്കുവാൻ സാക്ഷര കേരളം തയ്യാറാവേണ്ടത് അനിവാര്യമായി കാണേണ്ടതാണ്. വരവ് പച്ചക്കറികൾക്ക് പകരം, നാടൻ വിളകൾ നമ്മുടെ ഓരോ വീടുകളെയും ആരോഗ്യപൂർണ്ണമാക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ഇതുവരെ പറഞ്ഞു കൊണ്ട് മാത്രമിരുന്ന കാർഷിക സ്വപ്‌നങ്ങൾ പലതും ഒന്നായി നിന്ന് ചെയ്തു തുടങ്ങാം, അതിലൂടെ നഷ്ട്ടപെട്ടന്നു നമ്മളോരുത്തരും കരുതിയ നമ്മുടെ കാർഷിക പാരമ്പര്യത്തെ തിരിച്ചു കൊണ്ടുവരാം.