സ്വന്തം നാട് എന്നും നമുക്കൊരു തണലാണ്. ജീവിതയാത്രയിൽ ലോകത്തിൻറെ ഏതു കോണിൽ ചെന്നെത്തിയാലും, തിരിച്ച് നാട്ടിലെത്തുമ്പോൾ ഓരോ പ്രവാസ മാനസവും ആശ്വാസത്തിൻറെ ഒരു നെടുവീർപ്പിടും. സ്വന്തം നാടിന്റെയും, വീട് നൽകുന്ന സുരക്ഷിതത്വവും മനസ്സിലാക്കുന്ന ഓരോ പ്രാവാസമനസ്സുകളും, തിരിച്ച് നാടിൻറെ സുരക്ഷ കൂടി ഉറപ്പു വരുത്തണമെന്ന് ഈ ഘട്ടത്തിൽ നമ്മൾ ഓരോരുത്തരും ഓർക്കണം. പലപ്പോഴും വിവേകപൂർണ്ണമായ തീരുമാനങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ വികാരപരമായി എടുക്കുന്ന തിരുമാനങ്ങൾക്കൊണ്ട് സുരക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നതിനും മടക്കയാത്രകൾ കാരണമായേക്കാം. പ്രവാസമെന്നത് രാജ്യം വിടുമ്പോൾ മാത്രമല്ല, നമ്മുടെ നാട് വിട്ട് കഴിയേണ്ടിവരുന്ന ഓരോരുത്തരും പ്രവാസികൾ എന്ന ശീർഷകത്തിൽ ഉൾപ്പെടുന്നു. പല സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന നമ്മൾ മലയാളികൾ വേണ്ടത്ര യാത്ര മുന്നൊരുക്കങ്ങളോ, ക്വാറന്റൈൻ സംവിധാനങ്ങളോ ഉപയോഗപ്പെടുത്തുന്നില്ല എന്നത് വളരെയേറെ ശ്രദ്ധ ചെലുത്തേണ്ട ഒരു കാര്യമാണ്. സുരക്ഷയുടെ ഭിത്തിയിൽ വിള്ളൽ വരുത്താൻ ഒരു തെറ്റായ നീക്കം മതി എന്നത് നാം ഓരോരുത്തരും ഓർക്കണം. “പൊതുവായ സുരക്ഷ , എന്റെ ഉത്തരവാദിത്വം” എന്നതായിരിക്കണം മടങ്ങിയെത്തുന്ന ഓരോ മനസ്സുകളും ഈ ഘട്ടത്തിൽ എടുക്കേണ്ട പ്രതിജ്ഞ.
പലർക്കും സ്വന്തം നാട് നൽകുന്ന ഒരു അമിത ആത്മവിശ്വാസവും, ധൈര്യവും ചില ഘട്ടങ്ങളിൽ ജാഗ്രതയ്ക്ക് മങ്ങലേപ്പിക്കുന്നുണ്ട്. യാത്ര നിർദ്ദേശങ്ങളോടുള്ള പുച്ഛവും, ക്വാറന്റൈൻ സംവിധാനത്തോടുള്ള ശ്രദ്ധക്കുറവും പലപ്പോഴും രോഗവ്യാപനത്തിന് കാരണമായി തീരാം. വീടുകളിൽ ക്വാറന്റൈനിൽ കഴിയേണ്ടിവരുന്നവരും ചിട്ടയായ വ്യക്തിശുചിത്വ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചകൾ വരുത്തിയാലും നമ്മുടെ സംസ്ഥാനം ഇപ്പോൾ കൈവരിച്ചിരിക്കുന്ന സുരക്ഷയ്ക്ക് മങ്ങലേൽക്കും. നമുക്ക് വ്യക്തമായി അറിയാത്ത ഒരു രോഗത്തിന് മുന്നിൽ നിസ്സഹായരായി നിൽക്കുന്ന ഒരു വലിയ ലോകത്ത് തൻറെ അറിവുകേടും, മുൻവിധികളും, അഹങ്കാരവും ഒരു വിപത്തിനും കാരണമായി തീരരുതെന്ന് തിരികെയെത്തുന്ന നാം ഓരോരുത്തരും സ്വയം ഉറപ്പിക്കണം.
നാട്ടിലേയ്ക്ക് മടങ്ങാതെ നിൽക്കുന്ന പ്രവാസികൾക്കും മടങ്ങിയെത്താനും, അവരവരുടെ കുടുംബങ്ങളോടൊപ്പം കഴിയാനും ആഗ്രഹമില്ലാത്തവരല്ല, മറിച്ച് ഈ മഹാമാരിയെ ഒറ്റകെട്ടായി എതിർക്കേണ്ടത് മനുഷ്യനിലനില്പിൻറെ അനിവാര്യതയായി മനസ്സിലാക്കുന്നത് കൊണ്ടാണ് അവർ നാട്ടിലേക്കുള്ള യാത്രയ്ക്ക് മുതിരാത്തത്, എന്ന് മടങ്ങിയെത്തുന്ന ഓരോ മനസ്സുകളിലും ബോധ്യമുണ്ടായിരിക്കണം. അതിർത്തികൾ തുറക്കുമ്പോൾ ജാഗ്രതയ്ക്ക് പ്രാധാന്യം കുറഞ്ഞുപോകരുത്, അതിജീവനത്തിൻറെ പാതയിൽ അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന മുറിവുകൾ നമുക്കൊഴിവാക്കാം, ജാഗ്രതയോടെ സുരക്ഷാ കവചമൊരുക്കാം.