എമിറേറ്റ്സ് മാർസ് മിഷൻ: ചൊവ്വയുടെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകളിലേക്ക് വഴിതുറക്കുന്നു

featured UAE

ഒരു അറബ് രാജ്യം ആദ്യമായി ആസൂത്രണം ചെയ്യുകയും, നേതൃത്വം നൽകുകയും ചെയ്ത ഗോളാന്തര പര്യവേഷണ ദൗത്യമായ ‘എമിറേറ്റ്സ് മാർസ് മിഷൻ” ചൊവ്വയുടെ അന്തരീക്ഷ വാതകങ്ങൾ എങ്ങനെ പെരുമാറുകയും ഇടപെടുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള നിലവിലുള്ള ആശയത്തെ വെല്ലുവിളിക്കുന്ന ചിത്രങ്ങൾ പുറത്തിറക്കി. എമിറേറ്റ്സ് മാർസ് മിഷന്റെ ഭാഗമായുള്ള ഈ പുതിയ കണ്ടെത്തലുകൾ സംബന്ധിച്ചുള്ള ചിത്രങ്ങൾ മിഷനിൽ നിന്നുള്ള ആദ്യ ഡാറ്റാ റിലീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാർസ് ഹോപ്പ് പേടകത്തിന്റെ EMUS ഉപകരണം എടുത്ത ഈ ചിത്രങ്ങൾ ചൊവ്വയുടെ പകൽ അന്തരീക്ഷത്തിലെ ആറ്റോമിക് ഓക്സിജന്റെയും കാർബൺ മോണോക്സൈഡിന്റെയും സാന്ദ്രതയിൽ ശ്രദ്ധേയമായ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കുന്നു. “ഈ നിരീക്ഷണങ്ങളിൽ തികച്ചും അപ്രതീക്ഷിതമായ സവിശേഷതകൾ അടങ്ങിയിരിക്കുന്നു. നമ്മുടെ നിലവിലുള്ള ചൊവ്വ അന്തരീക്ഷ മാതൃകകൾക്കും, അതിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ വലുപ്പത്തിന്റെയും, സങ്കീർണ്ണതയുടെയും ഘടന ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല,” എമിറേറ്റ്സ് മാർസ് മിഷൻ സയൻസ് ലീഡ്, ഹെസ്സ അൽ മത്രോഷി പറഞ്ഞു.

ഈ പുതിയ കണ്ടെത്തലുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ മിഷനിൽ നിന്നുള്ള ആദ്യ ഡാറ്റാ റിലീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് 2021 ഒക്ടോബർ 1 മുതൽ പൊതുജനങ്ങൾക്കായി https://sdc.emiratesmarsmission.ae/ എന്ന വിലാസത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ചൊവ്വയിലെ വ്യതിരിക്തമായ അറോറയെക്കുറിച്ചുള്ള വിപ്ലവകരമായ നിരീക്ഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ചൊവ്വയിലെ അന്തരീക്ഷത്തെക്കുറിച്ചും സൗരവികിരണവുമായുള്ള അതിന്റെ ഇടപെടലിനെക്കുറിച്ചും മനസ്സിലാക്കുന്നതിൽ കാര്യമായ നേട്ടങ്ങൾ മിഷൻ അതിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കൈവരിച്ചിട്ടുണ്ട്.

ഈ നിരീക്ഷണങ്ങൾ ചൊവ്വയുടെ മുകൾ അന്തരീക്ഷത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന അൾട്രാവയലറ്റ് പ്രകാശത്തിന്റെ വിതരണത്തെ കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ മുൻധാരണകളെ തിരുത്തന്നതാണ്. ഇത് വിവിധ തരംഗദൈർഘ്യങ്ങളിൽ വിശാലമായ ഘടനകൾ കാണിക്കുകയും, ആറ്റോമിക് ഓക്സിജന്റെ സാന്ദ്രതയിൽ പ്രതീക്ഷിച്ചതിലും ഉയർന്ന വ്യതിയാനത്തെ സൂചിപ്പിക്കുകയും ചെയ്യുന്നതിലൂടെ, ചൊവ്വയുടെ അന്തരീക്ഷ പ്രക്ഷുബ്ധതയുടെ അസാധാരണമായ തലങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.

ചൊവ്വയുടെ മുകളിലെ അന്തരീക്ഷത്തിലെ ഓക്സിജന്റെയും കാർബൺ മോണോക്സൈഡിന്റെയും അളവും, എക്സോസ്ഫിയറിലെ ഹൈഡ്രജന്റെയും ഓക്സിജന്റെയും വ്യതിയാനവും കണ്ടെത്തുന്നതാണ് മാർസ് ഹോപ് പ്രോബിലെ മൂന്ന് ഉപകരണങ്ങളിൽ ഒന്നായ EMUS-ന്റെ (എമിറേറ്റ്സ് മാർസ് അൾട്രാവയലറ്റ് സ്പെക്ട്രോമീറ്റർ) പ്രധാന ശാസ്ത്ര ലക്ഷ്യം. ചൊവ്വയെ ഭ്രമണം ചെയ്യുന്നതിൽ ഇതുവരെയുള്ളതിൽ ഏറ്റവും സെൻസിറ്റീവ് ആയ അൾട്രാവയലറ്റ് ഉപകരണമാണ് EMUS .

“ഞങ്ങളുടെ പ്രോസസ്സിംഗ് പൈപ്പ്ലൈൻ ഞങ്ങൾ പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്, മുൻ നിശ്ചയിച്ച പ്രകാരം ഒക്ടോബർ ഒന്നാം തീയതി തന്നെ ആഗോള ശാസ്ത്ര സമൂഹത്തിലേക്ക് ഞങ്ങളുടെ ആദ്യ സയൻസ് ഡാറ്റ റിലീസ് എത്തിക്കുന്നതിൽ ഞങ്ങൾ വിജയിച്ചു.”, അൽ മാത്രോഷി അഭിപ്രായപ്പെട്ടു. “ഈ നിരീക്ഷണങ്ങളും, ചൊവ്വയുടെ ഡിസ്‌ക്രീറ്റ് അറോറയെക്കുറിച്ചുള്ള ഞങ്ങളുടെ മുമ്പ് പ്രഖ്യാപിച്ച നിരീക്ഷണങ്ങളും പ്രാരംഭ ഡാറ്റ പ്രകാശനത്തിന്റെ ഭാഗമാണ്. ഇതിൽ 2021 ഫെബ്രുവരി 9 മുതൽ 22 മേയ് വരെ ഹോപ്പ് നടത്തിയ നിരീക്ഷണങ്ങൾ ഉൾപ്പെടുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വയിലെ അന്തരീക്ഷത്തിന്റെ മുകൾ ഭാഗവും താഴ്ന്ന പ്രദേശങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കുന്നത് എമിറേറ്റ്സ് മാർസ് മിഷന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വിവിധ സീസണുകളിലെ, വ്യത്യസ്ത സമയങ്ങളിൽ ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഘടന എപ്രകാരമാണെന്നതിനെക്കുറിച്ച് അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന് സമഗ്രമായ ഒരു കാഴ്ചപ്പാട് നൽകുന്നതിനും ഈ മിഷൻ ലക്ഷ്യമിടുന്നു.

മിഷന്റെ ഹോപ്പ് പ്രോബ് അതിന്റെ ആസൂത്രിതമായ 20,000 – 43,000 കിലോമീറ്റർ ദീർഘവൃത്ത ശാസ്ത്ര പരിക്രമണത്തെ പിന്തുടരുന്നു. ഒരു ചൊവ്വാ വർഷകാലത്തോളം (ഭൂമിയിലെ 2 വർഷ കാലയളവ്), ഓരോ 55 മണിക്കൂറിലും ചൊവ്വാ ഗ്രഹത്തിന്റെ ഒരു ഭ്രമണപഥം പൂർത്തിയാക്കാനും ഓരോ ഒമ്പത് ദിവസത്തിലും ഒരു മുഴുവൻ ഗ്രഹ ഡാറ്റ സാമ്പിൾ പകർത്താനുമാകുന്ന രീതിയിലാണ് ഈ മിഷൻ തയ്യാറാക്കിയിരിക്കുന്നത്.

യുഎഇയുടെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നതിനുള്ള ഒരു വർഷം നീണ്ട ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചുവന്ന ഗ്രഹത്തിലേക്കുള്ള ഹോപ്പ് പ്രോബിന്റെ ചരിത്രപരമായ യാത്ര.

2021 ഫെബ്രുവരി 9-ന് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി പ്രവേശിച്ച ശേഷം ഹോപ്പ് പ്രോബ് പകർത്തിയ ചുവന്ന ഗ്രഹത്തിന്റെ ആദ്യ ദൃശ്യം ലഭിച്ചതായി എമിറേറ്റ്സ് മാർസ് മിഷൻ ടീം 2021 ഫെബ്രുവരി 14-ന് അറിയിച്ചിരുന്നു. ജപ്പാനിലെ തനെഗഷിമ സ്‌പേസ് സെന്ററിൽ നിന്ന്, 2020 ജൂലൈ 20-നു പുലര്‍ച്ചെ 1.58-നാണ് (യു.എ.ഇ സമയം) ഹോപ്പ് ബഹിരാകാശ പേടകം വിക്ഷേപണം ചെയ്‌തത്. 7 മാസത്തെ യാത്രയ്ക്ക് ശേഷമാണ് ഹോപ്പ് പ്രോബ് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.

WAM