എമിറേറ്റ്സ് മാർസ് മിഷന്റെ ഭാഗമായി ചൊവ്വാ ഗ്രഹത്തെക്കുറിച്ച് പഠനം നടത്തുന്ന ഹോപ്പ് പ്രോബ് ചൊവ്വയുടെ ഉപഗ്രഹങ്ങളിലൊന്നായ ഡെയ്‌മോസിന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മിഴിവാർന്ന ചിത്രങ്ങൾ പകർത്തി. ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്ന് പകർത്തിയ ഈ ചിത്രങ്ങൾ ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2023 ഏപ്രിൽ 24-ന് ട്വിറ്ററിലൂടെ പങ്ക് വെച്ചിട്ടുണ്ട്.
“ചൊവ്വയുടെ ഉപഗ്രഹങ്ങളിലൊന്നായ ഡെയ്‌മോസിന്റെ 100 കിലോമീറ്റർ അടുത്ത് നിന്നാണ് ഹോപ് പ്രോബ് ഈ ദൃശ്യങ്ങൾ പകർത്തിയത്. മനുഷ്യർ പകർത്തിയ ഡെയ്‌മോസിന്റെ ചിത്രങ്ങളിൽ ഇതുവരെയുള്ളതിൽ ഏറ്റവും സ്പഷ്ടമായതാണ് ഈ ചിത്രങ്ങൾ.”, ചിത്രം പങ്ക് വെച്ച് കൊണ്ട് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.

ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളിൽ ഏറ്റവും ചെറുതും, ഏറ്റവും അകലെയുള്ളതുമായ ഡെയ്‌മോസിനെക്കുറിച്ച് ഇതുവരെ അറിയാത്ത രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ് ഈ ചിത്രങ്ങൾ.

ഡെയ്‌മോസിന്റെ ഉത്ഭവത്തെക്കുറിച്ച് നിലവിലുള്ള സിദ്ധാന്തങ്ങളെ മാറ്റിയെഴുതാൻ ഈ ദൃശ്യങ്ങൾ വഴിതെളിക്കുമെന്നാണ് കരുതുന്നത്.

ചൊവ്വയുടെ ഭ്രമണപഥത്തിൽ അകപ്പെട്ട, പുറത്ത് നിന്നുള്ള ഒരു ഛിന്നഗ്രഹമാണ് ഡെയ്‌മോസ് എന്ന നിലവിലെ സിദ്ധാന്തങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഹോപ്പ് പ്രോബ് പകർത്തിയ ദൃശ്യങ്ങളെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ചൊവ്വാ ഗ്രഹത്തിന്റെ തന്നെ ഭാഗമായിരുന്നു ഡെയ്‌മോസെന്നും, ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ചൊവ്വയിൽ നിന്ന് അടർന്ന് മാറി തെറിച്ച ശേഷം ചൊവ്വയുടെ ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു ഉപഗ്രഹമായി (ഭൂമിയുടെ ചന്ദ്രനെ പോലെ) മാറിയതാണ് ഡെയ്‌മോസെന്നും ഹോപ്പ് പ്രോബിലെ ഉപകരണങ്ങൾ നടത്തിയ പഠനങ്ങളിൽ തെളിയുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഡെയ്‌മോസിനെക്കുറിച്ചും, ഫോബോസിനെക്കുറിച്ചും ഹോപ്പ് പ്രോബ് നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ വിയന്നയിൽ വെച്ച് നടന്ന യൂറോപ്യൻ ജിയോസയൻസസ് യൂണിയൻ ജനറൽ അസംബ്ലിയിൽ പങ്ക് വെച്ചിട്ടുണ്ട്.
അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമായ ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ രണ്ട് വർഷം പൂർത്തിയാക്കിയതായും, ഹോപ്പ് പ്രോബ് ചൊവ്വയുടെ ഉപഗ്രഹങ്ങളിലൊന്നായ ഡെയ്‌മോസിനെക്കുറിച്ച് പഠിക്കുന്നതിനായി പുതിയ ഭ്രമണപഥത്തിലേക്ക് നീങ്ങുമെന്നും യു എ ഇ സ്പേസ് ഏജൻസി 2023 ഫെബ്രുവരി 9-ന് വ്യക്തമാക്കിയിരുന്നു.
WAM