യു എ ഇ: പണമിടപാടുകൾക്കായി ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കാൻ എമിറേറ്റ്സ് പോസ്റ്റ് നിർദ്ദേശിച്ചു

UAE

തങ്ങളുടെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ പണമിടപാടുകൾക്കായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, അല്ലെങ്കിൽ ഔദ്യോഗിക മൊബൈൽ ആപ്പ് എന്നിവ മാത്രം ഉപയോഗിക്കാൻ എമിറേറ്റ്സ് പോസ്റ്റ് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി. എമിറേറ്റ്സ് പോസ്റ്റിന്റെ സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് ഷിപ്മെന്റുകൾ നടത്തുന്ന അവസരത്തിലും, മറ്റു സേവനങ്ങൾ നേടുന്ന അവസരത്തിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ അധികൃതർ ആഹ്വാനം ചെയ്തു.

ഓൺലൈൻ പണമിടപാടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധ തട്ടിപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾക്ക് ബോധവത്കരണം നൽകുന്നതിനും, ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നതിൽ നിന്ന് അവരെ തടയുന്നതിനും ലക്ഷ്യമിട്ടാണ് എമിറേറ്റ്സ് പോസ്റ്റ് ഇത്തരം ഒരു അറിയിപ്പ് നൽകിയിരിക്കുന്നത്. ഉപഭോക്താക്കളെ വിവിധ മാർഗങ്ങൾ ഉപയോഗിച്ച് കൊണ്ട് അനധികൃത പേയ്‌മെന്റ് ഗേറ്റ്‌വേകളിലേക്ക് വഴിതിരിച്ച് വിടുന്ന തട്ടിപ്പുകളെക്കുറിച്ച് അധികൃതർ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

പണമിടപാടുകൾ നടത്തുന്ന വേളയിൽ അതീവജാഗ്രത പുലർത്താനും എമിറേറ്റ്സ് പോസ്റ്റ് ആവശ്യപ്പെട്ടു. എമിറേറ്റ്സ് പോസ്റ്റിൽ നിന്നുള്ളതെന്ന തരത്തിൽ വരുന്ന ഇമെയിലുകളിലും, മറ്റു സന്ദേശങ്ങളിലും ഉപഭോക്താക്കളെ അനധികൃത പേയ്‌മെന്റ് ഗേറ്റ്‌വേകളിലേക്ക് നയിക്കാൻ ലക്ഷ്യമിട്ടുള്ള ലിങ്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന തട്ടിപ്പിന് ഇരയാകരുതെന്നും അധികൃതർ അറിയിച്ചു.

ഇത്തരത്തിൽ ഉപഭോക്താക്കളെ തങ്ങളുടെ വെബ്‌സൈറ്റിന് പുറത്തുള്ള പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് നയിക്കുന്ന SMS സന്ദേശങ്ങളോ, ഇമെയിലോ എമിറേറ്റ്സ് പോസ്റ്റ് ഒരിക്കലും അയയ്‌ക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇക്കാരണത്താൽ, ലഭിക്കുന്ന സന്ദേശങ്ങളിലെ അയച്ചയാളുടെ ഇ-വിലാസം എല്ലായ്പ്പോഴും പരിശോധിക്കാനും, ഇത്തരം സന്ദേശങ്ങൾക്ക് മറുപടിയായി സ്വകാര്യ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കാനും എമിറേറ്റ്സ് പോസ്റ്റ് ഉപഭോക്താക്കളെ ഓർമ്മപ്പെടുത്തി.

WAM