ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡിന്റെ (HIPA) പത്താം വാർഷികത്തിന്റെ ഭാഗമായി എമിറേറ്റ്സ് പോസ്റ്റ് ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ്, HIPA എന്നിവർ ചേർന്ന് പുറത്തിറക്കിയിട്ടുള്ള ഈ സ്മാരക സ്റ്റാമ്പിൽ മൂന്ന് തലമുറകളിലെ ദുബായ് നേതൃത്വത്തെ അടയാളപ്പെടുത്തിയിരിക്കുന്നു.
മൂന്ന് തലമുകളിലൂടെ കൈമാറി ലഭിച്ച ഫോട്ടോഗ്രാഫിയോടുള്ള അഭിനിവേശത്തിന്റെ പ്രതീകമായാണ് ഈ സ്റ്റാമ്പിൽ ദുബായിലെ മൂന്ന് തലമുറകളിലെ ഭരണാധികാരികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂം, ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും, HIPA-യുടെ സ്ഥാപകനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ ബഹുവർണ്ണ ചിത്രങ്ങളാണ് ഈ സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രാദേശിക തലത്തിലും, അന്താരാഷ്ട്ര തലത്തിലുമുള്ള ചിത്രഗ്രാഹകരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് HIPA അവാർഡ് നൽകുന്ന സംഭാവനകളുടെ അംഗീകാരമാണ് ഈ സ്മാരക സ്റ്റാമ്പെന്ന് എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് സി ഇ ഓ അബ്ദുല്ല എം അലഷ്രാം അറിയിച്ചു.
നാല് സ്റ്റാമ്പുകൾ അടങ്ങിയ സെറ്റിന് 12 ദിർഹമാണ് വില. 14 ദിർഹം മൂല്യമുള്ള ഫസ്റ് ഡേ കവറും ഇതോടൊപ്പം എമിറേറ്റ്സ് പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. https://www.emiratespostshop.ae എന്ന വിലാസത്തിൽ നിന്ന് ഇവ ലഭ്യമാണ്.