എംറ്റി ക്വാർട്ടർ ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റിലൂടെ ഇരുപത്തിനാല് മണിക്കൂറും ചരക്ക് ഗതാഗതം അനുവദിക്കാൻ ഒമാനും, സൗദി അറേബ്യയും ധാരണയായി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുർക്കി അലിയും, സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ സുഹൈൽ അബാൻമിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇതോടെ ഇരുരാജ്യങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയിലെ റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റിലൂടെ സഞ്ചരിക്കുന്ന ട്രക്കുകൾ, മറ്റു ചരക്ക് ഗതാഗതം എന്നിവയ്ക്ക് ദിനംതോറും മുഴുവൻ സമയവും ഈ ചെക്ക്പോസ്റ്റിലൂടെ കടന്ന് പോകുന്നതിന് അനുമതി ലഭിക്കുന്നതാണ്.
ഈ ചെക്ക്പോസ്റ്റ് ഉപയോഗപ്പെടുത്തിക്കൊണ്ട് സൗദി, ഒമാൻ എന്നീ രാജ്യങ്ങളിലൂടെ മറ്റു രാജ്യങ്ങളിലേക്ക് കടന്ന് പോകുന്ന ചരക്ക് ഗതാഗതത്തിനുള്ള വാഹനങ്ങൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച വിവിധ വശങ്ങൾ ഈ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായാണ് ലഭിക്കുന്ന സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനങ്ങളൊന്നും അറിയിച്ചിട്ടില്ല. ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നേരിട്ടുള്ള കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്ക് മാത്രമാണ് നിലവിൽ ഈ ചെക്ക്പോസ്റ്റിലൂടെ അനുമതി നൽകുന്നത്.
നേരത്തെ ചരക്ക് ഗതാഗതത്തിനുള്ള ഇത്തരം വാഹനങ്ങൾക്ക് ദിനവും രാവിലെ 8 മണിമുതൽ വൈകീട്ട് 5 മണിവരെ മാത്രമാണ് ചെക്ക്പോസ്റ്റ് കടക്കാൻ അനുമതി നൽകിയിരുന്നത്. ഈ ഹൈവേയിലൂടെ സഞ്ചരിക്കുന്ന യാത്രികർ, സന്ദർശകർ എന്നിവർക്ക് ദിനംതോറും മുഴുവൻ സമയവും ഈ ചെക്ക്പോസ്റ്റിലൂടെ കടന്ന് പോകുന്നതിന് നേരത്തെ തന്നെ അനുമതി നൽകിയിട്ടുണ്ട്.
റുബഉൽ ഖാലി ബോർഡർ ചെക്ക്പോയൻറ് പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ് 2021 ഡിസംബർ 8-ന് അറിയിച്ചിരുന്നു.
സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡ് യാത്രികർക്കായി തുറന്ന് കൊടുത്തതായി ഇരു രാജ്യങ്ങളും ചേർന്ന് 021 ഡിസംബർ 7, ചൊവ്വാഴ്ച്ച സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. എംറ്റി ക്വാർട്ടർ മരുഭൂമിയിലൂടെയുള്ള ഈ ഹൈവേ സൗദി കിരീടാവകാശി H.R.H. മുഹമ്മദ് ബിൻ സൽമാന്റെ ഒമാൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് തുറന്ന് കൊടുത്തത്.
ഏതാണ്ട് 740 കിലോമീറ്റർ നീളമുള്ള ഈ പാത ഒമാനിലെ ദഹിറ ഗവർണറേറ്റിലെ ഇബ്രി റൌണ്ട് എബൗട്ടിൽ നിന്ന് ആരംഭിച്ച് സൗദിയിലെ അൽ അഹ്‌സ പട്ടണത്തിൽ അവസാനിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും ദുഷ്കരമായ ഏതാനം ഭൂപ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്ന് പോകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമികളിലൊന്നായ റുബഉൽ ഖാലി മരുഭൂമിയിലൂടെ കടന്ന് പോകുന്ന ഈ ഹൈവേ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള കരമാർഗ്ഗമുള്ള യാത്രാ സമയത്തിൽ 16 മണിക്കൂർ കുറവ് വരുത്തുന്നതാണ്. സൗദി അറേബ്യയെ ഒമാനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി ചെലവുകൾ കുറയ്ക്കുന്നതിനും, കടത്ത്‌കൂലി കുറയ്ക്കുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനും സഹായകമാണ്.