ഈ വർഷത്തെ ഈദ് അൽ അദ്ഹ അവധി ദിനങ്ങളിൽ കുടുംബത്തോടൊപ്പം മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ ആസ്വദിക്കാവുന്ന അഞ്ച് പ്രധാന ആകർഷണങ്ങൾ ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി. 2022 ജൂലൈ 8-നാണ് ദുബായ് മീഡിയ ഓഫീസ് ഇതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക അറിയിപ്പ് നൽകിയത്.
ദുബായിലെ ഫ്യൂച്ചർ ഡിസ്ട്രിക്റ്റിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, മുഴുവൻ കുടുംബത്തിനും വിനോദവും വിദ്യാഭ്യാസവും ഭാവിയിലേക്കുള്ള ഒരു നേർക്കാഴ്ചയും വാഗ്ദാനം ചെയ്യുന്നതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. ഈദ് അൽ-അദ്ഹയിൽ നിങ്ങൾക്ക് കുടുംബത്തോടൊപ്പം മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ ആസ്വദിക്കാനാകുന്ന അഞ്ച് കാര്യങ്ങളുടെ ഒരു പട്ടികയും അധികൃതർ പങ്ക് വെച്ചിട്ടുണ്ട്:
ബഹിരാകാശത്തേക്ക് സഞ്ചരിക്കൂ!
മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നിങ്ങൾക്ക് ഫാൽക്കൺ സ്‌പേസ് ക്യാപ്‌സ്യൂളിലൂടെ ഓർബിറ്റൽ സ്‌പേസ് സ്റ്റേഷനിലേക്ക് (OSS) സഞ്ചാരം നടത്താവുന്നതാണ്. മനുഷ്യരാശിയ്ക്കായി ശൂന്യാകാശത്തിലൊരുക്കിയിട്ടുള്ള ഭാവി ഭവനം എന്ന സങ്കല്പം വിഭാവനം ചെയ്യുന്നതാണ് ഈ പ്രദർശനം.
സന്ദർശകർക്ക് വെർച്വൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്നതിനും, ബഹിരാകാശയാത്രകളെക്കുറിച്ച് അടുത്തറിയുന്നതിനും ഈ പ്രദർശനം അവസരമൊരുക്കുന്നു. ബഹിരാകാശ യാത്ര പൂർത്തിയാക്കി തിരികെ ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന സന്ദർശകർക്ക് 2071-ൽ ഈ ലോകവും, ദുബായ് നഗരവും ഏത് രീതിയിലാണ് ഉണ്ടായിരിക്കുക എന്ന് കണ്ടറിയുന്നതിനുള്ള അവസരവും ഈ പ്രദർശനത്തിന്റെ ഭാഗമാണ്.
തുടർന്ന് നിങ്ങൾക്ക് അതിനൂതനമായ വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ദുബായുടെ ഹൃദയഭാഗത്തുള്ള ഒരുക്കിയിട്ടുള്ള ഒരു മഴക്കാടിന്റെ ജൈവവൈവിധ്യത്തെ അടുത്തറിയുന്നതിന് അവസരം ലഭിക്കുന്നു.
നിങ്ങളെത്തന്നെ അടുത്തറിയുക!
നമ്മളെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു അവസരമാണ് ഈദ്. ഈ മ്യൂസിയത്തിലെ അൽ വാഹ അനുഭവം നിങ്ങൾക്ക് സ്വയം പര്യവേക്ഷണം ചെയ്യാനും നിങ്ങളുടെ എല്ലാ ഇന്ദ്രിയങ്ങളെയും അനുകരിക്കുന്ന ഒരു ലോകത്തിൽ മുഴുകാനുമുള്ള അവസരമാണ്. ആരോഗ്യവും ക്ഷേമവും കേന്ദ്രീകരിച്ച് നിങ്ങൾക്ക് ഒരു യാത്ര ആരംഭിക്കാം.
നൂതന രോഗചികിത്സാരീതികളുടെ ഒരു മായികലോകമാണ് അൽ വാഹ. സ്വയം തിരിച്ചറിയുന്ന രീതിയിലുള്ള ഫീലിംഗ് തെറാപ്പി, കണക്ഷൻ തെറാപ്പി, ഗ്രൗണ്ടിംഗ് തെറാപ്പി തുടങ്ങിയ വിവിധ ചികിത്സാരീതികളെ അറിയാനും, പര്യവേക്ഷണം ചെയ്യാനും ഈ പ്രദർശനം അവസരം നൽകുന്നു. നിങ്ങളുടെ അതുല്യ വ്യക്തിത്വത്തെ അടിസ്ഥാനമാക്കി നിങ്ങൾക്ക് സ്വന്തമായി ഒരു വ്യക്തിഗത പെർഫ്യൂം സൃഷ്ടിക്കാൻ പോലും കഴിയുമെന്നത് ഇവിടെ നിന്ന് അടുത്തറിയാവുന്നതാണ്.
ഭാവിയിലേക്കുള്ള ഓർമ്മകൾ നിർമ്മിക്കൂ!
ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെൽഫികൾ എടുക്കുന്നതിനുള്ള പ്രിയപ്പെട്ട സ്ഥലമായി മാറിയതിൽ അതിശയിക്കാനില്ല. മ്യൂസിയത്തിന്റെ ഒബ്സർവേഷൻ ഡെക്കിൽ നിന്ന് ദുബായിലെ ഏറ്റവും ആകർഷകമായ ഈ വാസ്തുവിദ്യാ വിസ്മയം അടുത്തറിയാനാകും.
ഫ്ലോർ മുതൽ സീലിംഗ് വരെ ഏകദേശം 2,400 സ്പീഷിസുകൾ പ്രദർശിപ്പിച്ചിരിക്കുന്ന ഡിഎൻഎ ലൈബ്രറി ഈ മ്യൂസിയത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ്. മ്യൂസിയത്തിലെ റോബോട്ട് ബാരിസ്റ്റ വിളമ്പുന്ന ഭാവിയിൽ നിന്നുള്ള ഒരു കോഫിയുടെ രുചി എന്നെന്നും നിങ്ങളുടെ ഓർമ്മയിൽ നിലനിൽക്കുന്ന മറക്കാനാകാത്ത ഒരു അനുഭവമായിരിക്കും. മ്യൂസിയത്തിന്റെ റീട്ടെയിൽ ഷോപ്പിൽ നിന്ന് നിങ്ങൾക്ക് സ്മരണികകൾ വാങ്ങാവുന്നതാണ്.
നാളെയുടെ സാങ്കേതികവിദ്യകൾ അടുത്തറിയൂ!
ഭാവിയിലെ സാങ്കേതികവിദ്യകൾ ഇന്ന് തന്നെ അടുത്തറിയാൻ അവസരമൊരുക്കുന്ന ടുമാറോ ടുഡേ എക്സിബിഷൻ മ്യൂസിയത്തിൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ്. മാലിന്യ സംസ്കരണം, പരിസ്ഥിതി, ഭക്ഷ്യസുരക്ഷ, കൃഷി, നഗരാസൂത്രണം എന്നിവയുടെ ഭാവി രൂപപ്പെടുത്തുന്നതിന് സജ്ജമാക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളും, മൂലരൂപങ്ങളും ഇവിടെ നിങ്ങൾക്ക് അടുത്തറിയാൻ അവസരം ലഭിക്കുന്നു. പറക്കുന്ന റോബോട്ടുകൾ ഉള്ള മ്യൂസിയത്തിന്റെ മനോഹരമായ ഇന്റീരിയറിന്റെ പശ്ചാത്തലത്തിൽ നിങ്ങൾക്ക് ഇതെല്ലാം അനുഭവിക്കാൻ കഴിയുന്നതാണ്.
മുഴുവൻ കുടുബത്തിനും ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന ഒരു പഠനാനുഭവം!
മ്യൂസിയത്തിലെ ഫ്യൂച്ചർ ഹീറോസ് സോൺ കുട്ടികൾക്കുള്ള ആത്യന്തികമായ ഒരു പഠനാനുഭവമാണ്. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫ്യൂച്ചർ ഹീറോസ് പ്രദർശനം, തങ്ങളെക്കുറിച്ചും ചുറ്റുമുള്ള ലോകത്തെ കുറിച്ചും പുതിയ കണ്ടെത്തലുകൾ നടത്താൻ ചെറുമനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നു.
ജിജ്ഞാസ, സർഗ്ഗാത്മകത, ആത്മവിശ്വാസം, ആശയവിനിമയം, സഹകരണം എന്നിവയുൾപ്പെടെ നിരവധി കഴിവുകളെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസപരവും രസകരവുമായ പ്രവർത്തനങ്ങളുടെ ഒരു ശ്രേണി ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2022 ഫെബ്രുവരി 22-ന് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം ചെയ്തിരുന്നു.
സുസ്ഥിരതയ്ക്ക് ഈ മ്യൂസിയം വലിയ ഊന്നൽ നൽകുന്നു. മ്യൂസിയം കെട്ടിടം തന്നെ പാരിസ്ഥിതികവും സുസ്ഥിരവുമായ മാനദണ്ഡങ്ങൾക്കനുസൃതമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
WAM