ദുബായ്: അൽ ത്വാറിൽ ENOC പുതിയ സർവീസ് സ്റ്റേഷൻ ആരംഭിച്ചു

featured UAE

അൽ ഖുദ്‌സ് സ്ട്രീറ്റിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും, ഈ മേഖലയിലെ പാർപ്പിടപ്രദേശങ്ങളിലുള്ളവർക്കും സേവനങ്ങൾ നൽകുന്നതിനായി ദുബായിലെ അൽ ത്വാർ 1-ൽ ENOC ഗ്രൂപ്പ് ഒരു പുതിയ സർവീസ് സ്റ്റേഷൻ ആരംഭിച്ചു. 2023 ജനുവരി 16-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അൽ ഖുദ്‌സ് സ്ട്രീറ്റിൽ ദുബായ് പോലീസുമായി സഹകരിച്ച് കൊണ്ട് ഈ വർഷം ആദ്യം ഉദ്ഘാടനം ചെയ്ത സർവീസ് സ്റ്റേഷന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന പുതിയ സർവീസ് സ്റ്റേഷൻ ഒരേ സ്ട്രീറ്റിന്റെ ഇരുവശത്തുമുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാണ്.

അൽ ഖുസൈസ്, മുഹൈസ്‌ന, ഹോർ അൽ അൻസ് എന്നിവയുൾപ്പെടെയുള്ള പ്രശസ്തമായ റെസിഡൻഷ്യൽ ഏരിയകളാൽ ചുറ്റപ്പെട്ടിരിക്കുന്ന അൽ ത്വാർ 1 ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപമാണ്. സ്‌കൂളുകൾ, പാർക്കുകൾ, ആശുപത്രികൾ, ബാങ്കുകൾ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും അടങ്ങിയ ഒരു മേഖലയാണിത്.

40,006 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ സ്റ്റേഷനിൽ നാല് ഡിസ്പെൻസർ യൂണിറ്റുകളുണ്ട്. ഇത് കൂടാതെ ഒരു EV ചാർജിംഗ് സ്റ്റേഷനും, സൂം കൺവീനിയൻസ് സ്റ്റോറും ഉൾപ്പെടുന്നതാണ് ഈ പുതിയ സർവീസ് സ്റ്റേഷൻ.

WAM