ഷാർജയിലെ കൽബ മേഖലയിൽ പുതിയ ഇ-ലിങ്ക് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി ENOC ഗ്രൂപ്പ് അറിയിച്ചു. 2023 മാർച്ച് 10-ന് ദുബായ് മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
കൽബ മേഖലയിലെ അമർ ബിൻ അൽ സ്ട്രീറ്റിലാണ് ഈ ENOC ലിങ്ക് സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. ഈ പ്രദേശത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലും, പാർപ്പിട മേഖലകളിലുമുള്ള ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹനങ്ങളിലേക്കുള്ള ഇന്ധനം എളുപ്പത്തിൽ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പുതിയ ‘ENOC ലിങ്ക്’ സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. ENOC ഗ്രൂപ്പ് ആരംഭിച്ചിട്ടുള്ള പത്താമത് ഇ-ലിങ്ക് സ്റ്റേഷനാണിത്.
ഈ സ്റ്റേഷനിൽ നിന്ന് പ്രതിദിനം അഞ്ഞൂറ് വാഹനങ്ങൾക്ക് ഇന്ധനം ലഭ്യമാക്കാനാകുന്നതാണ്. ഒരേ സമയം നാല് വാഹനങ്ങൾക്ക് വരെ ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കാവുന്നതാണ്.
ദിനവും രാവിലെ 6 മണിമുതൽ രാത്രി 12 മണിവരെ പ്രവർത്തിക്കുന്ന ഈ സ്റ്റേഷനിൽ നിന്ന് സാധാരണ ഇന്ധന സ്റ്റേഷനുകളിലെ അതേ നിരക്കിൽ തന്നെ സ്പെഷ്യൽ 95 പെട്രോൾ ലഭ്യമാണ്. പരിസ്ഥിതി സൗഹൃദ നയത്തിന്റെ ഭാഗമായി സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന ലൈറ്റിംഗ് സംവിധാനമാണ് ഈ സ്റ്റേഷനിൽ ഉപയോഗിച്ചിരിക്കുന്നത്.