ഇത്തിഹാദ് റെയിൽ: യു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ ആകാശദൃശ്യം പങ്ക് വെച്ചു

UAE

ദേശീയ റെയിൽ ശൃംഖലയുടെ റെയിൽവേ ട്രാക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഒരു ആകാശദൃശ്യം ഇത്തിഹാദ് റെയിൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചു. ഫുജൈറയിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യമെന്ന് ഇത്തിഹാദ് റെയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഫുജൈറയിൽ അൽ ഹജർ മലനിരകളിലൂടെ ഈ പാത കടന്ന് പോകുന്ന ദൃശ്യമാണ് ഇത്തിഹാദ് റെയിൽ പങ്ക് വെച്ചിരിക്കുന്നത്.

Source: Etihad Rail.

ദേശീയ റെയിൽ ശൃംഖലയുടെ ഷാർജ, ഫുജൈറ, റാസ് അൽ ഖൈമ എന്നിവയെ ബന്ധിപ്പിക്കുന്ന ഏതാണ്ട് 145 കിലോമീറ്റർ നീളമുള്ള ഭാഗം അൽ ഹജർ മലനിരകളിലൂടെയാണ് കടന്ന് പോകുന്നത്. യു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള റെയിൽ പാതകളുടെ ഏതാണ്ട് 70 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഇത്തിഹാദ് റെയിൽ അറിയിച്ചു.

അബുദാബിയെയും ദുബായിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ദേശീയ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള റെയിൽ പാതയുടെ അവസാന ഭാഗം തമ്മിൽ ബന്ധിപ്പിക്കുന്ന ചടങ്ങ് 2022 മാർച്ച് 1-ന് നടന്നിരുന്നു. യു എ ഇ നാഷണൽ റെയിൽ നെറ്റ്‌വർക്ക് പദ്ധതിയുടെ കീഴിൽ വരുന്ന ദേശീയ റെയിൽ ശൃംഖല രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്. യു എ ഇയിലെ വിവിധ എമിറേറ്റുകളെയും രാജ്യത്തെ പ്രധാന നഗരങ്ങളെയും ഇത് ബന്ധിപ്പിക്കുന്നു.

അബുദാബിയിൽ നിന്ന് ദുബായിലേക്ക് 50 മിനിറ്റിലും അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും യാത്ര ചെയ്യാൻ അനുവദിക്കുന്ന തരത്തിലാണ് ഈ ഗതാഗത ശൃംഖല ഒരുക്കുന്നത്.

Cover Image: Etihad Rail.