ഷെൻഗെൻ വിസ നടപടികൾ ഡിജിറ്റൽ രീതിയിലേക്ക് മാറ്റുന്നതിനുള്ള കൗൺസിൽ ശുപാർശയ്ക്ക് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ അംബാസഡർമാർ അംഗീകാരം നൽകി. 2023 മാർച്ച് 30-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഷെൻഗെൻ വിസ അപേക്ഷകൾ ഓൺലൈനിലൂടെ നടപ്പിലാക്കുന്നതും, നിലവിലെ വിസ സ്റ്റിക്കറിന് പകരം ഡിജിറ്റൽ വിസ അനുവദിക്കുന്നതിനുമുള്ള സാധ്യതകൾ പരിശോധിക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ ശുപാർശയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിസ അപേക്ഷകൾ സംബന്ധിച്ച നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതും, ഷെൻഗെൻ മേഖലയിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
ഡിജിറ്റൽ ഷെൻഗെൻ വിസ നിയമാനുസൃത യാത്രികരുടെ അപേക്ഷാ നടപടികൾ കൂടുതൽ സുഗമമാക്കുമെന്നും, ഓൺലൈൻ അപേക്ഷകൾ കോൺസുലേറ്റിലേക്കുള്ള യാത്രകളുടെ എണ്ണം കുറയ്ക്കുന്നതിന് സഹായിക്കുമെന്നും സ്വീഡിഷ് കുടിയേറ്റ വകുപ്പ് മന്ത്രി മരിയ മൽമെർ സ്റ്റിനെർഗാർഡ് വ്യക്തമാക്കി. വ്യാജ വിസകൾ, വിസ സ്റ്റിക്കർ മോഷണം എന്നിവ തടയുന്നതിന് ഡിജിറ്റൽ വിസയിലൂടെ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
WAM