അബുദാബി: പ്രവേശന മാനദണ്ഡങ്ങളിലെ മാറ്റങ്ങൾ; EDE സ്കാനർ പരിശോധനയെക്കുറിച്ച് അറിയേണ്ടതെല്ലാം

featured UAE

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് 2021 ഡിസംബർ 19, ഞായറാഴ്ച്ച മുതൽ EDE COVID-19 സ്കാനർ ഉപയോഗിച്ചുള്ള പരിശോധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ഇതിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഞങ്ങൾ ഇവിടെ പ്രവാസികൾക്കായി പങ്ക് വെക്കുന്നു. അബുദാബി മീഡിയ ഓഫീസ് ഡിസംബർ 15-ന് രാത്രി അറിയിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തിനകത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ 2021 ഡിസംബർ 19, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താനും, മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ COVID-19 രോഗബാധ കണ്ടെത്തുന്നതിന് EDE COVID-19 സ്കാനറുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ഡിസംബർ 15-ന് തീരുമാനിച്ചിരുന്നു.

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന വിവരങ്ങളാണ് അബുദാബി മീഡിയ ഓഫീസ് അറിയിച്ചിരിക്കുന്നത്.

അബുദാബിയിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2021 ഡിസംബർ 19, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്തുന്നത് എന്ത് ലക്ഷ്യമിട്ടാണ്?

അബുദാബിയിൽ നിലവിൽ രേഖപ്പെടുത്തുന്ന തീരെ കുറഞ്ഞ COVID-19 രോഗവ്യാപന സാഹചര്യം തുടരുന്നതിനായി പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു നടപടിയെന്ന് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ അബുദാബിയിൽ ആകെ പരിശോധനകളുടെ 0.05 ശതമാനം പേരിൽ മാത്രമാണ് COVID-19 രോഗബാധ കണ്ട് വരുന്നത്. ഈ സാഹചര്യം തുടരുന്നതിന് ആവശ്യമായ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനാണ് കമ്മിറ്റി EDE COVID-19 സ്കാനറുകൾ പ്രവർത്തനക്ഷമമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

2021 ഡിസംബർ 19, ഞായറാഴ്ച്ച മുതൽ അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ എന്ത് മാറ്റങ്ങളാണ് വരുത്തുന്നത്?

2021 ഡിസംബർ 19, ഞായറാഴ്ച്ച മുതൽ അബുദാബിയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ വ്യക്തികളെയും ഒരു മൊബൈൽ സ്കാനർ ഉപയോഗിച്ചുള്ള തീർത്തും ലളിതമായ ഒരു റാപ്പിഡ് EDE COVID-19 പരിശോധനയ്ക്ക് വിധേയരാക്കുന്നതാണ്.

EDE COVID-19 പരിശോധനയുടെ നടപടിക്രമങ്ങൾ എന്തെല്ലാമാണ്?

ഇത്തരം പരിശോധനകൾ നടത്തുന്ന വ്യക്തികൾ പരിശോധനയ്ക്ക് വിധേയരാക്കുന്നവരുടെ ശരീരത്തിന് നേരെ ഒരു മൊബൈൽ സ്കാനർ ഉപകരണം പിടിച്ച് കൊണ്ട് പരിശോധന നടത്തുന്നതാണ്.ഏതാനം സെക്കൻഡ് നേരം മാത്രമാണ് ഈ പരിശോധനയ്ക്ക് വേണ്ടിവരുന്നത്.

EDE COVID-19 സ്കാനറുകളുടെ പ്രവർത്തന രീതി എങ്ങിനെയാണ്?

വൈദ്യുതകാന്തിക തരംഗങ്ങൾ ഉപയോഗിച്ച് കൊണ്ട്, COVID-19 വൈറസ് RNA കണികകളുടെ സാന്നിധ്യം കണ്ടെത്തുന്ന രീതിയിലാണ് ഈ സ്കാനർ പ്രവർത്തിക്കുന്നത്. വൈദ്യുതകാന്തിക തരംഗങ്ങൾ ഏൽക്കുമ്പോൾ RNA കണികകളിലുണ്ടാകുന്ന മാറ്റങ്ങൾ അളക്കുന്നതിലൂടെയാണ് ഈ സ്കാനർ രോഗബാധ കണ്ടെത്തുന്നത്.

പൊതു ഇടങ്ങളിലേക്കും മറ്റുമുള്ള പ്രവേശനകവാടങ്ങൾ പോലുള്ള ഇടങ്ങളിൽ ഒരേ സമയം ഒരു കൂട്ടം ആളുകളെ പരിശോധിക്കുന്നതിനും, ഇതിൽ നിന്ന് രോഗസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനും ഈ സ്കാനർ സംവിധാനം പര്യാപ്തമാണ്. പരിശോധനാ ഫലങ്ങൾ തത്സമയം അറിയുന്നതിനും, രോഗസാധ്യതയുള്ളവരെ ഉടൻ തന്നെ കണ്ടെത്തുന്നതിനും ഈ സംവിധാനത്തിലൂടെ സാധ്യമാണ്.

EDE COVID-19 സ്കാനർ പരിശോധനയ്ക്കായി എന്തെല്ലാം സ്വകാര്യ വിവരങ്ങളാണ് ശേഖരിക്കുന്നത്?

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ രേഖപ്പെടുത്താതെ തന്നെ COVID-19 രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ കണ്ടെത്തുന്നതിന് ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. ഇതിനാൽ വ്യക്തികളുടെ ദൃശ്യങ്ങളോ, മറ്റു സ്വകാര്യ വിവരങ്ങളോ ഈ പരിശോധനയുടെ ഭാഗമായി ശേഖരിക്കുന്നതല്ല.

EDE COVID-19 സ്കാനർ പരിശോധനയിൽ രോഗബാധയുണ്ടെന്ന് സംശയിക്കുന്നതായി തെളിഞ്ഞാൽ എന്താണ് അടുത്ത നടപടി?

EDE COVID-19 സ്കാനറുകളിലൂടെ രോഗബാധ സംശയിക്കുന്നതായി കണ്ടെത്തുന്നവർക്ക് ഇത്തരം സ്കാനറുകൾ ഏർപ്പെടുത്തിയിട്ടുള്ള പ്രവേശനകവാടങ്ങൾക്കരികിൽ തന്നെ ഒരുക്കിയിട്ടുള്ള പ്രത്യേക പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി ആന്റിജൻ പരിശോധന നടത്തുന്നതാണ്.

എന്താണ് ആന്റിജൻ പരിശോധന?

ഒരു വ്യക്തിയിൽ COVID-19 ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായാണ് ഈ പരിശോധന നടത്തുന്നത്. മൂക്കിൽ നിന്ന് എടുക്കുന്ന സ്രവം ഉപയോഗിച്ചാണ് ഈ ടെസ്റ്റ് നടത്തുന്നത്.

ഈ ആന്റിജൻ പരിശോധന സൗജന്യമാണോ? ഇത്തരം പരിശോധയ്ക്ക് എത്ര സമയം ആവശ്യമായി വരുന്നതാണ്?

EDE COVID-19 സ്കാനറുകളിലൂടെ രോഗബാധ സംശയിക്കുന്നതായി കണ്ടെത്തുന്നവർക്ക് തീർത്തും സൗജന്യമായാണ് ആന്റിജൻ പരിശോധന നടത്തുന്നത്. ആന്റിജൻ പരിശോധനാ ഫലം ഇരുപത് മിനിറ്റിനകം ലഭിക്കുന്നതാണ്.

വിദേശത്ത് നിന്നെത്തുന്ന യാത്രികർക്ക് ഈ പരിശോധനകൾ ബാധകമാണോ?

ഈ നടപടികൾ നിലവിൽ രാജ്യത്തിനകത്തു നിന്ന് (മറ്റു എമിറേറ്റുകളിൽ നിന്ന്) അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ ആന്റിജൻ പരിശോധനയിൽ രോഗബാധയുണ്ടെന്ന് തെളിഞ്ഞാൽ എന്താണ് അടുത്ത നടപടി?

ഇത്തരം ആന്റിജൻ പരിശോധനയിൽ രോഗബാധയുണ്ടെന്ന് തെളിയുന്നവർക്ക് ഏർപ്പെടുത്തുന്ന നടപടികൾ താഴെ പറയുന്ന പ്രകാരമാണ്:

  • ഇത്തരം ആന്റിജൻ പരിശോധനയിൽ രോഗബാധയുണ്ടെന്ന് തെളിയുന്നവർ, അബുദാബിയിലേക്ക് തിരികെ മടങ്ങുന്ന അബുദാബി നിവാസിയാണെങ്കിൽ അവർക്ക് അബുദാബിയിലെ ഔദ്യോഗിക മാനദണ്ഡങ്ങൾ പ്രകാരമുള്ള ഐസൊലേഷൻ ഏർപ്പെടുത്തുന്നതാണ്. ഇവർക്ക് വീടുകളിലോ, മറ്റു പ്രത്യേക കേന്ദ്രങ്ങളിലോ ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്. ഇവർ കൈകളിൽ ക്വാറന്റീൻ ട്രാക്കിങ്ങ് ഉപകരണം ധരിക്കേണ്ടതാണ്.
  • ഇത്തരം ആന്റിജൻ പരിശോധനയിൽ രോഗബാധയുണ്ടെന്ന് തെളിയുന്നവർ അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന മറ്റു എമിറേറ്റുകളിലെ നിവാസികളാണെങ്കിൽ, അവരെ അവർ യാത്ര പുറപ്പെട്ട എമിറേറ്റിലേക്ക് തന്നെ തിരികെ മടക്കി അയക്കുന്നതാണ്. ഇവരുടെ പരിശോധനാ ഫലം ആരോഗ്യ അധികൃതരെ അറിയിക്കുന്നതാണ്.

അൽ ഹൊസൻ ആപ്പിൽ സാധുതയുള്ള ഗ്രീൻ പാസ് സ്റ്റാറ്റസ് ഉള്ളവർക്ക് ഈ EDE COVID-19 സ്കാനർ പരിശോധന ആവശ്യമാണോ?

അബുദാബിയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ പേർക്കും EDE COVID-19 സ്കാനർ പരിശോധന നിർബന്ധമാണ്. അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് സ്റ്റാറ്റസ് ഉള്ളവരടക്കം മുഴുവൻ പേർക്കും ഇത് ബാധകമാകുന്നതാണ്.