അസിർ പ്രദേശത്തെ അൽ അബ്‌ല ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തിയ ഏഴാം ഘട്ട ഉല്‍ഖനന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാധന്യമേറിയ നിരവധി ചരിത്രാവശേഷിപ്പുകൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു. 2023 ഓഗസ്റ്റ് 25-ന് രാത്രി സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഏഴാം ഘട്ട ഉല്‍ഖനന പ്രവർത്തനങ്ങളുടെ ഭാഗമായി ഇവിടെ നിന്ന് പ്രാചീനമായ പാർപ്പിട മേഖലകളുടെയും, വ്യവസായ മേഖലകളുടെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ നിന്ന് കണ്ടെത്തിയ, ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന കെട്ടിടങ്ങളുടെ ചുമരുകളിലും, നിലങ്ങളിലും ചുണ്ണാമ്പുകല്ല് പൂശിയതായി കണ്ടെത്തിയിട്ടുണ്ട്.

കെട്ടിടങ്ങളുടെ അടിയിൽ സ്ഥിതി ചെയ്യുന്ന മഴവെള്ള സംഭരണികളുടെ അവശേഷിപ്പുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സൗദി അറേബ്യയുടെ ദക്ഷിണമേഖലയിൽ സ്ഥിതി ചെയ്തിരുന്ന വളരെ പ്രധാനപ്പെട്ട പ്രാചീന നഗരങ്ങളിലൊന്നാണിതെന്നതിന് അടിവരയിടുന്നതാണ് ഈ കണ്ടെത്തലുകൾ.

ചെറിയ ചില്ല് കുപ്പികൾ, ലോഹ കഷ്ണങ്ങൾ, വെങ്കലപാത്രങ്ങളുടെ ഭാഗങ്ങൾ, മോതിരങ്ങൾ, ആനക്കൊമ്പ്, രത്നകല്ലുകൾ എന്നിവയിൽ തീർത്ത മുത്തുമണികൾ, ചൂളകൾ, കളിമൺ പാത്രങ്ങളുടെ ഭാഗങ്ങൾ മുതലായവയും ഈ മേഖലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
Cover Image: Saudi Press Agency.