COVID-19 മൂലം മരണമടഞ്ഞവരുടെ കുടുംബത്തിന് 4 ലക്ഷം രൂപയുടെ ധനസഹായം നൽകുന്നുണ്ടെന്നും അത് പ്രവാസികൾക്കും ഉടനടി ലഭ്യമാവുമെന്നും അതിനാൽ മരണപ്പെട്ടവരുടെ രേഖകൾ കഴിവതും വേഗം ശരിയാക്കി വെക്കണമെന്നും അറിയിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കാണുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുമല്ലൊ.
- ദേശീയ ദുരന്ത നിവാരണ നിയമം 2005 അനുസരിച്ച് COVID-19 മൂലം മരണം സംഭവിച്ചാൽ നാല് ലക്ഷം നൽകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല.
- ഇതുമായി ബന്ധപ്പെട്ട നിയമ നടപടികളിൽ ബഹു. സുപ്രിം കോടതി, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ടെന്നും എന്നാൽ, തുക എത്രയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിനായിരിക്കുമെന്നും പ്രത്യേകം പറഞ്ഞു. അതായത് ധനസഹായം 4 ലക്ഷമാണെന്ന് ഉറപ്പിക്കാനാവില്ല.
- 2021 ജൂൺ 30 ന് ഇറക്കിയ സുപ്രിം കോടതി ഉത്തരവിൽ പദ്ധതി തയ്യാറാക്കാൻ കേന്ദ്ര സർക്കാറിന് 6 ആഴ്ച സമയം അനുവദിച്ചു. രണ്ട് ദിവസം മുമ്പ് (16.8.2021) 4 ആഴ്ച കൂടെ സമയം അനുവദിച്ചു.
- കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ധനസഹായം കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം കേസുകൾ കോടതികൾ പരിഗണിക്കുന്നുണ്ട്. ഇതിൽ അനുകൂല വിധി കാത്തിരിക്കുകയാണ് പ്രവാസികൾ.
ചുരുക്കത്തിൽ, പ്രവാസികളുടെ കാര്യത്തിൽ ധനസഹായം ലഭ്യമാവാൻ ഇനിയും ധാരാളം കടമ്പകളും സമയവും ആവശ്യമാണ്. സർക്കാർ പ്രവാസികളുടെ കാര്യത്തിൽ ധനസഹായം പ്രഖ്യാപിക്കുന്ന മുറക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.
തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി