കുവൈറ്റ്: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് നിലവിൽ പ്രവേശനാനുമതി നൽകിയിട്ടില്ലെന്ന് അധികൃതർ

GCC News

COVID-19 വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് നിലവിൽ നേരിട്ടുള്ള പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദേശികൾക്ക് 2021 ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് പ്രവേശനം അനുവദിച്ച ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്, യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് നിലവിൽ നേരിട്ട് പ്രവേശനാനുമതിയില്ലെന്നുള്ള ഈ സ്ഥിരീകരണം.

കുവൈറ്റ് അധികൃതരിൽ നിന്ന് പ്രത്യേക എൻട്രി പെർമിറ്റുകൾ നേടിയിട്ടുള്ള ഡോക്ടർമാർ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയ ഏതാനം വിഭാഗങ്ങൾക്ക് മാത്രമാണ് ഇത്തരം രാജ്യങ്ങളിൽ നിന്ന് പ്രത്യേക സാഹചര്യങ്ങളിൽ നേരിട്ട് പ്രവേശനം അനുവദിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളെയാണ് കുവൈറ്റ് നിലവിൽ COVID-19 വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തിയിട്ടുള്ളതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ നേരിട്ടുള്ള പ്രവേശനം സംബന്ധിച്ച് ക്യാബിനറ്റ് പിന്നീട് അറിയിക്കുമെന്നും സ്രോതസുകൾ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ കുവൈറ്റിലേക്ക് നേരിട്ടുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വരുന്നതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഡയറക്ടർ യൗസേഫ് ഫവാസാൻ ഏതാനം ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. ഓഗസ്റ്റ് 1 മുതൽ യാത്രാ വിലക്കുകൾ നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസുകൾ അനുവദിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും, ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് കുവൈറ്റ് പഠിച്ച് വരികയാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലൂടെ കുവൈറ്റിലേക്ക് യാത്രാ ചെയ്യാൻ ഉദ്ദേശിക്കുന്നവർ, യാത്രാ നിബന്ധനകൾ സംബന്ധിച്ച വ്യക്തത ലഭിക്കുന്നത് വരെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ഒഴിവാക്കാൻ കുവൈറ്റിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിരുന്നു.

Cover Photo: Kuwait News Agency.