രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ റെസിഡൻസി വിസകൾ ഓൺലൈനിലൂടെ പുതുക്കി നൽകുന്നത് തുടരുമെന്ന് കുവൈറ്റ് റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റ് വ്യക്തമാക്കി. കുവൈറ്റിന് പുറത്തുള്ള പ്രവാസികളുടെ റെസിഡൻസി വിസകൾ പുതുക്കുന്നത് നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പുതിയ നിയമങ്ങളൊന്നും തന്നെ പ്രാബല്യത്തിൽ വന്നിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനാൽ നിലവിൽ കുവൈറ്റിന് പുറത്തുള്ള, സാധുതയുള്ള പാസ്പോർട്ടുകളുള്ള പ്രവാസികൾക്ക് തങ്ങളുടെ റെസിഡൻസി വിസകളുടെ കാലാവധി ഓൺലൈനിലൂടെ പുതുക്കാവുന്നതാണ്. ഈ സേവനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇത് സംബന്ധിച്ച് ഏതെങ്കിലും മാറ്റങ്ങൾ വരുത്തുന്ന അവസരത്തിൽ കൃത്യമായ അറിയിപ്പുകളും, ആവശ്യമായ സമയവും നൽകിക്കൊണ്ട് മാത്രമായിരിക്കും അവ നടപ്പിലാക്കുക എന്നും റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ആറ് മാസത്തിലധികമായി കുവൈറ്റിന് പുറത്തുള്ള പ്രവാസികളുടെ വിസകൾ പുതുക്കുന്നതിന് പ്രത്യേക അനുമതികൾ ആവശ്യമാണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത നൽകിയത്.