കാലാവധി അവസാനിച്ച റീ-എൻട്രി വിസകളിലുള്ളവർക്ക് മൂന്ന് വർഷത്തേക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൂചന

featured GCC News

വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് തിരികെ സൗദിയിൽ തിരിച്ചെത്താത്ത, സൗദിയിൽ നിന്ന് എക്സിറ്റ്, റീ-എൻട്രി വിസകളിൽ തങ്ങളുടെ നാടുകളിലേക്ക് തിരികെ മടങ്ങിയ പ്രവാസികൾക്ക് രാജ്യത്തേക്ക് മൂന്ന് വർഷത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻപ് ജോലിചെയ്തിരുന്ന തൊഴിലുടമയുടെ കീഴിൽ തന്നെ പുതിയ വർക്ക് വിസയിൽ മടങ്ങിയെത്തുന്നവർക്ക് ഈ നിയന്ത്രണം ബാധകമാക്കിയിട്ടില്ല എന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സൗദിയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് എക്സിറ്റ്, റീ-എൻട്രി വിസകളിൽ തങ്ങളുടെ നാടുകളിലേക്ക് തിരികെ മടങ്ങിയ, എന്നാൽ വിസ കാലാവധി അവസാനിച്ച നിരവധി പ്രവാസികളുടെ അന്വേഷണങ്ങൾക്ക് മറുപടിയായാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത നൽകിയതെന്നാണ് സൂചന. ഇത്തരത്തിൽ വിസ കാലാവധി അവസാനിച്ചവർക്ക് ചുരുങ്ങിയത് 3 വർഷത്തെ ഇടവേളയ്ക്ക് ശേഷം മാത്രമാണ് സൗദിയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകുന്നത് എന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് വൃത്തങ്ങൾ സൂചിപ്പിച്ചത്.