സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് കുവൈറ്റ്

GCC News

സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് തടസ്സങ്ങൾ ഇല്ലെന്ന് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് അറിയിച്ചു. ഇത്തരക്കാർക്ക് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് കുവൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിൽ കുവൈറ്റിന് പുറത്തുള്ള പ്രവാസികൾ ഡിസംബർ 31-ന് മുൻപായി തിരികെ പ്രവേശിച്ചില്ലെങ്കിൽ, പിന്നീട് ഇത്തരക്കാർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുവാദം നൽകില്ല എന്ന തരത്തിൽ പ്രചരിക്കുന്ന കിംവദന്തികൾ തള്ളിക്കൊണ്ടാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. കുവൈറ്റിന് പുറത്തുള്ള പ്രവാസികൾക്ക് ഓൺലൈനിലൂടെ തങ്ങളുടെ റെസിഡൻസി പുതുക്കാമെന്നും, കൃത്യമായി ഇക്കാര്യം ചെയ്യുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ തടസ്സങ്ങളില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പ്രവാസികളുടെ മടങ്ങി വരവ് തടഞ്ഞ് കൊണ്ടുള്ള എന്തെങ്കിലും തീരുമാനം ആഭ്യന്തര മന്ത്രാലയം കൈക്കൊള്ളുകയാണെങ്കിൽ, അത് സംബന്ധിച്ച സ്ഥിരീകരണം മന്ത്രാലയം ഔദ്യോഗികമായി പുറപ്പെടുവിക്കുമെന്നും അധികൃതർ നിലവിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾ തള്ളിക്കൊണ്ട് വ്യക്തമാക്കി. സാധുതയുള്ള റെസിഡൻസി വിസകൾ ഉള്ളവർക്ക്, നിലവിലെ യാത്രാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കുവൈറ്റിലേക്ക് യാത്രചെയ്യാമെന്നും അധികൃതർ അറിയിച്ചു.

അതേ സമയം, കാലാവധി അവസാനിച്ച സന്ദർശക വിസകളിലുള്ളവർ 2020 നവംബർ 30-ന് മുൻപായി രാജ്യം വിടണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.