കുവൈറ്റ്: കാലാവധി അവസാനിച്ച സന്ദർശക വിസകളിലുള്ളവർ നവംബർ 30-നകം രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം

GCC News

കാലാവധി അവസാനിച്ച സന്ദർശക വിസകളിലുള്ളവർ 2020 നവംബർ 30-ന് മുൻപായി രാജ്യം വിടണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. നിയമ നടപടികൾ നേരിടുന്നത് ഒഴിവാക്കുന്നതിനായി, ഇക്കാര്യം കർശനമായി പാലിക്കാൻ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ തരം സന്ദർശക വിസകൾക്കും ഈ തീരുമാനം ബാധകമാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നത്.

ഇതിനു പുറമെ കാലാവധി അവസാനിച്ച റെസിഡൻസി വിസകളിലുള്ളവർ, ഓഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്ക് താത്കാലികമായി റെസിഡൻസി നീട്ടിക്കിട്ടിയ ശേഷം, സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെ വീണ്ടും താത്കാലികമായി റെസിഡൻസി നീട്ടിക്കിട്ടിയവർ എന്നിവരോട് തങ്ങളുടെ റെസിഡൻസി സ്റ്റാറ്റസ് സാധാരണ നിലയിലേക്ക് പുതുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള നടപടികൾ സ്‌പോൺസർമാർ, തൊഴിലുടമകൾ എന്നിവർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റായ https://www.moi.gov.kw/main/ എന്ന വിലാസത്തിലൂടെ പൂർത്തിയാക്കേണ്ടതാണ്. റെസിഡൻസ് അഫയർ ഡിപ്പാർട്മെന്റിൽ നേരിട്ടെത്തിയും ഇത്തരം നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

കാലാവധി അവസാനിച്ച മുഴുവൻ സന്ദർശക വിസകളിലുള്ളവരും കുവൈറ്റിൽ നിന്ന് മടങ്ങുന്നതിനുള്ള യാത്രാ നടപടികൾ ഉടനെ പൂർത്തിയാക്കേണ്ടതാണെന്നും, നവംബർ 30, 2020 വരെയാണ് ഇവർക്ക് രാജ്യത്ത് പരമാവധി തങ്ങുന്നതിന് അനുവദിച്ചിട്ടുള്ള സമയമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ സമയപരിധിയ്ക്ക് ശേഷവും കാലാവധി അവസാനിച്ച സന്ദർശക വിസകളിൽ കുവൈറ്റിൽ തുടരുന്നവരെ നിയമലംഘകരായി കണക്കാക്കുന്നതാണ്. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരെ നാട് കടത്തുമെന്നും, പിന്നീട് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.