ഖത്തർ: പ്രവാസി തെഴിലാളികൾക്ക് അടിസ്ഥാന വേതനം ഉറപ്പാക്കുന്ന പദ്ധതി രാജ്യത്ത് നിലവിൽ വന്നു

GCC News

പ്രവാസി തൊഴിലാളികൾക്ക് അടിസ്ഥാന വേതനം ഉറപ്പാക്കുന്ന പദ്ധതി മാർച്ച് 20 മുതൽ രാജ്യത്ത് നിലവിൽ വന്നതായി ഖത്തർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫിസ് അറിയിച്ചു. രാജ്യത്തെ മുഴുവൻ പ്രവാസി തൊഴിലാളികളുടെയും ഏറ്റവും കുറഞ്ഞ വേതനം സർക്കാർ നിജപ്പെടുത്തുന്ന ഈ പദ്ധതി 2020 ഓഗസ്റ്റിൽ ഖത്തർ പ്രഖ്യാപിച്ച തൊഴിൽ നയങ്ങളിലെ പരിഷ്കരണത്തിന്റെ ഭാഗമാണ്.

ഈ നിയമം പ്രാബല്യത്തിൽ കൊണ്ട് വരുന്നതിനുള്ള നടപടികൾ മിനിസ്ട്രി ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്‌സ് പൂർത്തിയാക്കിയതായും, ശനിയാഴ്ച്ച മുതൽ ഈ പദ്ധതി പ്രാബല്യത്തിൽ വന്നതായും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ പ്രവാസി തൊഴിലാളികൾക്കും ഈ നിയമത്തിന്റെ ആനുകൂല്യം ലഭ്യമാകുന്നതാണ്. ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പ്രവാസി തൊഴിലാളികൾക്ക് അടിസ്ഥാന വേതനം ഉറപ്പാക്കുന്ന പദ്ധതി താഴെ പറയുന്ന രീതിയിലാണ് ഖത്തറിൽ പ്രാബല്യത്തിൽ വന്നിട്ടുള്ളത്:

  • ഈ പദ്ധതിയുടെ ഭാഗമായി മുഴുവൻ പ്രവാസി തൊഴിലാളികളുടെയും അടിസ്ഥാന വേതനം പ്രതിമാസം 1000 റിയാൽ ആക്കി നിശ്ചയിച്ചിട്ടുണ്ട്.
  • ഭക്ഷണം, താമസം എന്നിവയ്ക്കുള്ള സൗകര്യം തൊഴിലുടമ നൽകാത്ത സാഹചര്യത്തിൽ, ഇത്തരം തൊഴിലാളികൾക്ക് അടിസ്ഥാന വേതനത്തിന് പുറമെ പ്രതിമാസം 500 റിയാൽ താമസത്തിനും, 300 റിയാൽ ഭക്ഷണത്തിനുമായി ഉറപ്പാക്കേണ്ടതാണ്.
  • ഗാർഹിക ജീവനക്കാർ ഉൾപ്പടെ ഖത്തറിലെ മുഴുവൻ പ്രവാസി തൊഴിലാളികൾക്കും ഈ പദ്ധതി ബാധകമാകുന്നതാണ്.
  • അടിസ്ഥാന വേതനം സംബന്ധിച്ച പഠനങ്ങൾക്കും, പുനർനിർണ്ണയം സംബന്ധിച്ച തീരുമാനങ്ങൾക്കുമായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതാണ്.