ദുബായ്: യാത്രികരെയും വഹിച്ചുള്ള ആദ്യ പരീക്ഷണ ഓട്ടം ഹൈപ്പർലൂപ്പ് വിജയകരമായി പൂർത്തിയാക്കി

UAE

ചരിത്രത്തിലാദ്യമായി യാത്രികരെയും വഹിച്ച് കൊണ്ടുള്ള പരീക്ഷണ ഓട്ടം വിർജിൻ ഹൈപ്പർലൂപ്പ് വിജയകരമായി പൂർത്തിയാക്കി. പ്രധാനമായും ദുബായ് ആസ്ഥാനമായുള്ള ഡി പി വേൾഡിന്റെ മുതൽമുടക്കിലാണ് ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യയിൽ ഗവേഷണങ്ങൾ നടന്ന് വരുന്നത്.

അമേരിക്കയിലെ ലാസ് വേഗാസിൽ വെച്ച് നടന്ന ഈ പരീക്ഷണ ഓട്ടത്തിന് വിർജിൻ ഹൈപ്പർലൂപ്പ് ചെയർമാനും, ഡി പി വേൾഡ് സി ഇ ഓയുമായ സുൽത്താൻ അഹ്‌മദ്‌ ബിൻ സുലായെം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ അവതരിപ്പിക്കപ്പെട്ട ഏറ്റവും വിപ്ലവാത്മകമായ ഗതാഗത സംവിധാനത്തിന്റെ പരീക്ഷണത്തിന് സാക്ഷിയായതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അതീവ സുരക്ഷിതമായ ഒരു ഗതാഗത സംവിധാനമൊരുക്കുന്നതിൽ വിർജിൻ ഹൈപ്പർലൂപ്പ് ടീം അംഗങ്ങൾ വിജയിക്കുമെന്നതിൽ തനിക്ക് എന്നും പൂർണ്ണ വിശ്വാസമുണ്ടായിരുന്നെന്നും, ഇന്ന് അത് യാഥാർഥ്യമായതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതീവ വേഗതയിൽ യാത്രികരുടെയും, ചരക്ക് സാധനങ്ങളുടെയും ഗതാഗത്തിനായുള്ള പുതിയ കാലഘട്ടത്തിലെ സുസ്ഥിരമായ ഈ സംവിധാനം യാഥാർഥ്യമാകുന്നതിലേക്ക് നാം ഒരു പടികൂടി അടുത്തിരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

യു എ ഇ, സൗദി അറേബ്യ തുടങ്ങി, ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഗതാഗത സംവിധാനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഈ പരീക്ഷണ ഓട്ടം ഒരു നാഴികക്കല്ലായാണ് കണക്കാക്കുന്നത്. വിർജിൻ ഹൈപ്പർലൂപ്പ് സ്ഥാപകരിൽ ഒരാളും ചീഫ് ടെക്‌നോളജി ഓഫീസറുമായ ജോഷ് ഗീഗെൽ, പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറ ലുഷ്യൻ എന്നിവരാണ് ആദ്യമായി ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യയിൽ യാത്ര ചെയ്തത്.

വിർജിൻ ഹൈപ്പർലൂപ്പിന്റെ ലാസ് വേഗാസിലെ 500 മീറ്റർ പ്രത്യേക പരീക്ഷണ കേന്ദ്രത്തിലാണ് ഈ പരീക്ഷണ ഓട്ടം നടത്തിയത്. ഇതിന് മുൻപ് ഏതാണ്ട് 400 തവണ യാത്രികരില്ലാതെ ഈ സംവിധാനം പരീക്ഷിച്ചിരുന്നു. 2 പേർക്കിരിക്കാവുന്ന XP-2 വാഹനമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്.