സൗദി: പ്രവാസികൾക്ക് COVID-19 വാക്സിനെടുക്കാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ജവാസത്

Saudi Arabia

പ്രവാസികൾക്ക് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും, രാജ്യത്ത് നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും അനുമതി നൽകിയതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസത്) അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ COVID-19 മുൻകരുതൽ നടപടികളും പിൻവലിച്ച സാഹചര്യത്തിലാണ് ഈ അനുമതി. സൗദിയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ (സാധുതയുള്ള വിസ, പാസ്പോർട്ട് എന്നിവ നിർബന്ധം) യാത്ര ചെയ്യുന്ന രാജ്യത്തെ പ്രവേശന നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

സാധുതയുള്ള സൗദി വിസ, റെസിഡൻസി ഐഡി എന്നിവയുള്ള പ്രവാസികൾക്ക് COVID-19 വാക്സിൻ സ്വീകരിക്കാത്ത സാഹചര്യത്തിലും സൗദിയിലേക്ക് പ്രവേശിക്കാവുന്നതാണ്.

COVID-19 രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന മുഴുവൻ മുൻകരുതൽ നടപടികളും ഒഴിവാക്കാൻ തീരുമാനിച്ചതായി 2022 ജൂൺ 13-ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.