എക്സ്പോ 2020 ദുബായ്: ഔദ്യോഗിക ഗാനം പുറത്തിറക്കി

featured UAE

വാണിജ്യപരമായും, സാംസ്കാരികപരമായും ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്ന എക്സ്പോ 2020 ദുബായുടെ ഔദ്യോഗിക ഗാനം 2021 സെപ്റ്റംബർ 21, ചൊവ്വാഴ്ച്ച പുറത്തിറക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ‘ദിസ് ഈസ് ഔർ ടൈം’ എന്ന ഈ ഗാനം യു എ ഇയുടെ സാംസ്കാരികത്തനിമയുടെയും, ഭാവി പ്രതീക്ഷകളുടെയും ആഘോഷത്തെക്കുറിക്കുന്നതാണ്.

ആഗോളതലത്തിലെ മുഴുവൻ രാജ്യങ്ങളെയും ഒരു വേദയിൽ ഒരുമിച്ച് അണിനിരത്തുന്നതിനും, ‘മനസുകളെ ഒന്നിപ്പിക്കാം, ഭാവികാലത്തിന് രൂപം നൽകാം’ എന്ന എക്സ്പോ 2020 ദുബായുടെ ആശയത്തെ സംഗീതത്തിന്റെ ഭാഷയിൽ കുറിക്കുന്നതിനും ഈ ഗാനം ലക്ഷ്യമിടുന്നു. യു എ ഇയിലെ പ്രമുഖ കലാകാരനും, എക്സ്പോ 2020 ബ്രാൻഡ് അംബാസഡറുമായ ഹുസൈൻ അൽ ജാസ്‍മി, ഗ്രാമി അവാർഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ലെബനീസ് അമേരിക്കൻ ഗായികയും, ഗാനരചയിതാവുമായ മയസ്സ കാരാ, എമിറാത്തി ഗായികയും, ഗാനരചയിതാവുമായ അൽമാസ് എന്നിവരാണ് എക്സ്പോ 2020 ദുബായുടെ ഔദ്യോഗിക ഗാനത്തിൽ അണിനിരക്കുന്നത്.

“ലോക എക്സ്പോ ലോക ജനതയെ ഒന്നിപ്പിക്കുന്നു. എക്സ്പോ 2020 ദുബായുടെ ഔദ്യോഗിക ഗാനത്തിനായി ശബ്ദം നൽകുന്നതിന് ഈ മികച്ച കലാകാരന്മാർ അണിനിരന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ ഗാനം ഭാവി, ഭൂതം, വർത്തമാനം എന്നീ കാലങ്ങളെ സംയോജിപ്പിക്കുന്നു. അതിലൂടെ എല്ലാവർക്കും ഒരു പ്രചോദനമായിത്തീരുന്നു. ലോകത്തിന്റെ എല്ലാ മൂലകളിൽ നിന്നുമെത്തുന്ന ദശലക്ഷക്കണക്കിന് സന്ദർശകരെ വരവേൽക്കുന്നതിനായും, അവർക്ക് ആയുഷ്കാലം ഓർക്കാവുന്ന അനുഭവങ്ങൾ ഒരുക്കുന്നതിനായും ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.”, എക്സ്പോ 2020 ചീഫ് എക്സ്പീരിയൻസ് ഓഫീസർ മാർജാൻ ഫറായിദൂനി അഭിപ്രായപ്പെട്ടു.

“കഴിഞ്ഞ കാലങ്ങളിലും, ഇപ്പോഴും, ഇനി വരാനിരിക്കുന്ന കാലത്തും യു എ ഇ പ്രതിനിധീകരിക്കുന്ന എല്ലാ ആശയങ്ങളോടും, നേട്ടങ്ങളോടുമുള്ള ബഹുമാനസൂചകമായാണ് ‘ദിസ് ഈസ് ഔർ ടൈം’ ഞങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. പ്രതാപം, വിശ്വാസം, ഒത്തൊരുമ എന്നിവയെക്കുറിച്ചുള്ള ഒരു ഗാനമാണിത്. ലോകത്തെമ്പാടുമുള്ള ശ്രോതാക്കളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർത്തുന്നതിന് ഈ ഗാനത്തിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.”, ഹുസൈൻ അൽ ജാസ്‍മി പ്രതികരിച്ചു.

“എന്റെ രാജ്യത്തിന്റെ ചരിത്രത്തിൽ എക്കാലവും ഓർത്തിരിക്കുന്ന ഒരു നിമിഷത്തിന്റെ ഭാഗമായതിൽ അതിയായ അഭിമാനമുണ്ട്. ഈ ഗാനം പ്രതീക്ഷകളുടെയും, ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ മികച്ച ഒരു ഭാവി നിർമ്മിക്കുന്നതിന് എല്ലാവരെയും സഹായിക്കുമെന്നുള്ള വിശ്വാസത്തിന്റെയും സാക്ഷാല്‍ക്കാരമാണ്.”, അൽമാസ് അറിയിച്ചു. “ഇത്രയും മികച്ച അറബ് പ്രതിഭകളോടൊപ്പം ഈ ഗാനത്തിന്റെ ഭാഗമായത് തീർത്തും അഭിമാനകരമായ ഒരു കാര്യമാണ്. ലോകമെമ്പാടുമുള്ള എല്ലാ പ്രായത്തിലുള്ളവർക്കും, ജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവർക്കും അവരുടെ സ്വപ്‌നങ്ങൾ തേടി സഞ്ചരിക്കുന്നതിന് ഈ ഗാനം ഒരു പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”, മയസ്സ കാരാ പ്രതികരിച്ചു.

2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്പോ 2020 ദുബായ് സംഘടിപ്പിക്കുന്നത്. ലോക എക്സ്പോയുടെ സുരക്ഷാ സംബന്ധമായ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി ഏതാനം ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു.

WAM