കുടുംബങ്ങളായെത്തുന്ന സന്ദർശകർക്കായി ആസ്വാദനത്തിന്റെ വിശാലമായ ഒരു പുത്തൻ ലോകം കാഴ്ച്ചവെക്കുന്നതിന് ഒരുങ്ങിയിരിക്കുകയാണ് എക്സ്പോ 2020 ദുബായ് വേദി. സന്ദർശകരുടെ സങ്കല്പശക്തിയുടെ മുഴുവൻ സാധ്യതകളും പുറത്തെടുക്കാനും, അവരുടെ ഉജ്ജ്വലമായ ഭാവനകളെ യാഥാർഥ്യവുമായി സംയോജിപ്പിക്കുന്നതിനും, അതിലൂടെ മാന്ത്രിക കാഴ്ച്ചകൾ ഒരുക്കുന്നതിനുമായി ഈ വേദി ഒരുങ്ങിക്കഴിഞ്ഞു.
കുട്ടികൾകൾക്ക് പുതിയ കണ്ടുപിടിത്തങ്ങളെ അനുഭവിച്ചറിയുന്നതിനും, ലോക പരിസ്ഥിതി വ്യവസ്ഥകൾ പര്യവേക്ഷണം ചെയ്യുന്നതിനും, നമ്മുടെ ഗ്രഹത്തെയും ലോകമാനവികതയെക്കുറിച്ചുമുള്ള സുപ്രധാന അറിവുകൾ കരസ്ഥമാക്കുന്നതിനുമുള്ള ഒരു വേദിയായി എക്സ്പോ 2020 മാറുന്നതാണ്.
വേദിയിലെത്തുന്ന കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതിനും, അവരെ ഗാനാലാപനത്തിനു പ്രോത്സാഹിപ്പിക്കുന്നതിനും, നൃത്തച്ചുവടുകൾ വെക്കുന്നതിനും, മറ്റു കലാപരിപാടികളിൽ പങ്കാളികളാക്കുന്നതിനായി ആനയിക്കുന്നതിനും കൂടപ്പിറപ്പുകളായ റാഷിദ്, ലത്തീഫ എന്ന പേരിലുള്ള ഭാഗ്യചിഹ്നങ്ങൾ എക്സ്പോ വേദിയിൽ തയ്യാറായിക്കഴിഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ നമുക്ക് ഓരോരുത്തർക്കും കൂട്ട് ചേർന്ന് വഹിക്കാവുന്ന പങ്കിനെ സൂചിപ്പിക്കുന്ന ആശയങ്ങൾ ഉൾക്കൊള്ളുന്ന നാട്യരൂപങ്ങൾ വേദിയുടെ പ്രത്യേകതയാണ്.
ജൂബിലി പാർക്കിലെ റാഷിദ്സ് പ്ലേഗ്രൗണ്ട് എന്ന സമുദ്ര പ്രമേയമായ സാഹസിക കളിസ്ഥലം, റാഷിദിന്റെ ഭാവനയിൽ നിന്നും, ജലാന്തര്‍ഭാഗത്തുള്ള സാഹസികകൃത്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. നീരുറവകളിലെ സ്രാവുകൾ, തിമിംഗല സ്ലൈഡുകൾ, ഓഷ്യൻ ലൈനറുകൾ, ഒരു 3D കുരുക്കുവഴി തുടങ്ങിയ കാഴ്ച്ചകൾ റാഷിദ്സ് പ്ലേഗ്രൗണ്ടിലെ പ്രത്യേകതകളാണ്.
കൂടുതൽ ഹരിതാഭമായ ഇടങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കായി അൽ ഫോർസാൻ പാർക്കിന്റെ വിശാലമായ പുൽത്തകിടി ഒരുങ്ങിക്കഴിഞ്ഞു. തമ്മിൽ കെട്ടുപിണഞ്ഞ രീതിയിലൊരുക്കിയിരിക്കുന്ന നീണ്ട പാതകളുള്ള ഈ പാർക്ക് സന്ദർശകർക്കായി സാംസ്കാരിക ഇടപെടലിനും വിനോദത്തിനുമുള്ള അവസരങ്ങൾ ഒരുക്കുന്നു. കുട്ടികൾക്ക് വലയിലൂടെ കുതിച്ചു ചാടാൻ അവസരമൊരുക്കുന്ന ‘സീറോ-ഗ്രാവിറ്റി’ ചേമ്പർ, വലിയ ഊഞ്ഞാലുകൾ, യു എ ഇയുടെ ഹോപ്പ് പ്രോബിന്റെ മാതൃകയ്ക്കുള്ളിലേക്ക് പ്രവേശിക്കാനുള്ള അവസരം തുടങ്ങിയ കാഴ്ച്ചകൾ ഒരുക്കിയിട്ടുള്ള ലത്തീഫയുടെ സ്പേസ് സിറ്റിയിലെ സാഹസികതകൾ ഇവിടെയെത്തുന്നവരുടെ ശ്രദ്ധ ആകർഷിക്കുമെന്നത് ഉറപ്പാണ്.
“കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് സമയം ചെലവിടുന്നതിനുള്ള ഒരു വേദി എന്നതിനപ്പുറം, പുതിയ സംസ്കാരങ്ങളും, സാങ്കേതികവിദ്യകളും, ജീവിതത്തെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തങ്ങളും കണ്ടെത്തുന്നതിനുള്ള ആകർഷകമായ ഒരു അവസരം കൂടിയാണ് എക്സ്പോ 2020. എക്സ്പോയിലൂടെ ദശലക്ഷക്കണക്കിന് കുട്ടികൾക്ക് മുന്നിൽ ആവേശകരവും, വിനോദകരവും, വിദ്യാഭ്യാസപരവുമായ അനുഭവങ്ങളുടെ ഒരു ലോകം തുറക്കുകയാണ്. ഈ വേദിയിലേക്ക് 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാൻ സാധിക്കുന്നതാണ്.”, എക്സ്പോ 2020 ദുബായ് ചീഫ് എക്സ്പീരിയൻസ് ഓഫീസർ മാർജൻ ഫറൈദൂണി വ്യക്തമാക്കി.
എക്സ്പോ എക്സ്പ്ലോറർ എന്ന ട്രെയിൻ സന്ദർശകർക്ക് ഗതാഗതത്തിന്റെ സുസ്ഥിരമായ ഭാവി അനുഭവിക്കുന്നതിനൊപ്പം, എക്സ്പോ വേദിയിലെ കാഴ്ച്ചകൾ അനുഭവിക്കുന്നതിന് അവസരമൊരുക്കുന്നു. കാഴ്ച്ചയിൽ ഒരു സാധാരണ ലോക്കോമോട്ടീവ് ട്രെയിൻ പോലെ തോന്നിക്കുന്ന എക്സ്പോ എക്സ്പ്ലോറർ കംപ്രസ് ചെയ്ത വായുവിൽ പ്രവർത്തിക്കുന്ന പൂർണ്ണമായും മലിനീകരണരഹിതമായ ഭാവി ഗതാഗത സംവിധാനങ്ങളുടെ നേർക്കാഴ്ച്ചയാണ്.
കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനാകും വിധത്തിലാണ് 191 രാജ്യങ്ങളുടെ പവലിയനുകൾ നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തെ മനോഹരമായ വനങ്ങളുടെ അനുഭവങ്ങൾ ഉണർത്തുന്ന പച്ചപ്പ് തിങ്ങിനിറഞ്ഞതും, നിറയെ മരങ്ങളുള്ളതുമായ ഒരിടത്തേക്ക് 21 മീറ്റർ ഉയരമുള്ള ഒരു സ്ലൈഡിലൂടെ സന്ദർശകരെ എത്തിക്കുന്ന ലക്സംബർഗ് പവലിയൻ, സന്ദർശകർക്ക് പരമ്പരാഗത ബോർഡ് ഗെയിമുകൾ, മറ്റു വിനോദമത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്ന എത്യോപ്യ പവലിയൻ, നാടോടിക്കഥകളുടെ ജീവസുറ്റഅനുഭവമൊരുക്കുന്ന ഗിനിയ പവലിയൻ, കുട്ടികളുടെ ചലനാത്മക ഊർജ്ജത്തെ പ്രകാശമാക്കി മാറ്റുന്ന നൂതനമായ കളിസ്ഥലം ഒരുക്കിയിട്ടുള്ള ബൾഗേറിയ പവലിയൻ, സന്ദർശകരെ മായികകാഴ്ച്ചകൾ നിറഞ്ഞ ഒരു അത്ഭുത വനത്തിലൂടെ കൂട്ടികൊണ്ട് പോകുന്നതിനായി ലാഫി, കഹോ എന്ന തിമിംഗലം എന്നിവർ തുണക്കാരായി കാത്തിരിക്കുന്ന ടോംഗ പവലിയൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ദൃശ്യവിസ്മയങ്ങൾ സന്ദർശകർക്ക് ജീവിതകാലം മുഴുവൻ ഓർക്കാനുള്ള അനുഭവങ്ങളായിരിക്കും എന്നത് തീർച്ചയാണ്.
എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും ആസ്വദിക്കാവുന്ന രീതിയിൽ ഒരുക്കിയിട്ടുള്ള ടെറ – സുസ്ഥിരത പവലിയൻ, സുസ്ഥിരതയ്ക്കുള്ള യു എ ഇയുടെയും, എക്സ്പോ 2020-യുടെയും പ്രതിബദ്ധത ചൂണ്ടിക്കാട്ടുന്നു. പ്രകൃതി ലോകത്തിന്റെ വിസ്മയങ്ങളിലൂടെ ആകർഷിക്കുന്ന ടെറ രൂപകൽപ്പന ചെയ്തിരിക്കുന്നത് സന്ദർശകരുടെ ഉപഭോഗ മാനസികാവസ്ഥ മാറ്റാനും, പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിപ്പിക്കുന്നതിനുമായാണ്. എക്സ്പോ അവസാനിച്ചതിന് ശേഷവും, വരും തലമുറകൾക്ക് സുസ്ഥിരമായ തിരഞ്ഞെടുപ്പുകൾക്ക് പ്രചോദനം നൽകിക്കൊണ്ട് ടെറ ഒരു ശാസ്ത്ര കേന്ദ്രമായി നിലനിൽക്കുന്നതാണ്.
എക്സ്പോ 2020 ദുബായിൽ പങ്കെടുക്കുന്ന ദുബായ് നിവാസികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും സ്മരണികയായി ഒരു പ്രത്യേക പാസ്‌പോർട്ട് ലഭിക്കുന്നതാണ്. എക്സ്പോ 2020-ലെ 200-ലധികം പവലിയനുകൾ സന്ദർശിച്ചതിന്റെ ഓർമ്മകൾ എക്കാലവും സൂക്ഷിക്കുന്നതിന് സന്ദർശകർക്ക് ഈ പാസ്പോർട്ട് മുതൽക്കൂട്ടാവുന്നതാണ്.
WAM