അറബ്, അന്താരാഷ്ട്ര നാഗരികതകൾക്ക് ഒത്ത് ചേരുന്നതിനുള്ള ഒരു വേദിയാണ് എക്സ്പോ 2020 ദുബായെന്ന് യു എ ഇ വിദേശകാര്യ വകുപ്പ് മന്ത്രി

featured GCC News

അറബ്, ആഗോള നാഗരികതകൾക്കും, സംസ്കാരങ്ങൾക്കും ഒത്ത് ചേരുന്നതിനുള്ള ഒരു വേദിയാണ് എക്സ്പോ 2020 ദുബായെന്ന് യു എ ഇ വിദേശകാര്യ, അന്തർദേശീയ സഹകരണ വകുപ്പ് മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു. എക്സ്പോ 2020 വേദിയിലെ മൊറോക്കോ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിക്കുന്നതിനിടയിൽ 2021 ഒക്ടോബർ 11-നാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

190-ൽ പരം രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ പ്രബലമായ മേള ലോകരാജ്യങ്ങൾക്കിടയിൽ ഐക്യം, സഹകരണം, ആശയവിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബർ 11-ലെ എക്സ്പോ വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ആദ്യം മൊറോക്കോയുടെ പവലിയൻ സന്ദർശിച്ചു.

എക്സ്പോ വേദിയിലെ ഓപ്പർച്യുണിറ്റി ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന മൊറോക്കോയുടെ പവലിയനിൽ നിന്ന് രാജ്യത്തിന്റെ ചരിത്രം, സ്വത്വം, സാംസ്‌കാരിക പൈതൃകം എന്നിവ ചൂണ്ടിക്കാട്ടുന്ന വിവിധ പരിപാടികൾ അദ്ദേഹം ആസ്വദിച്ചു. യു എ ഇയും, മൊറോക്കോയും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ അദ്ദേഹം പ്രത്യേകമായി എടുത്ത് കാട്ടി.

തുടർന്ന് അദ്ദേഹം ഈജിപ്ഷ്യൻ പവലിയൻ സന്ദർശിച്ചു. എക്സ്പോ വേദിയിലെ ഓപ്പർച്യുണിറ്റി ഡിസ്ട്രിക്ടിൽ തന്നെ സ്ഥിതി ചെയ്യുന്ന ഈജിപ്തിന്റെ പവലിയൻ ആയിരകണക്കിന് വർഷത്തെ പഴക്കമുള്ള രാജ്യത്തിന്റെ ചരിത്രത്തെയും, നാഗരികതകളെയും പ്രത്യേകം എടുത്ത് കാട്ടുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

Source: Emirates News Agency.

ഈജിപ്ഷ്യൻ സംസ്കാരം, പുരാതന നാഗരികതകൾ എന്നിവ അടിസ്ഥാനമാക്കി സർഗ്ഗവൈഭവത്തോടെ നിർമ്മിച്ചിട്ടുള്ള ഈ പവലിയനിലെ കാഴ്ചകളിലൂടെ അദ്ദേഹം പര്യവേക്ഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തെ പ്രശംസിച്ച അദ്ദേഹം, ഈജിപ്ഷ്യൻ പവലിയൻ എക്സ്പോ വേദിയ്ക്ക് ഒരു മുതൽക്കൂട്ടാണെന്ന് അഭിപ്രായപ്പെട്ടു.

തുടർന്ന് അദ്ദേഹം മൊബിലിറ്റി ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ജോർദാൻ പവലിയൻ സന്ദർശിച്ചു. വിവിധ മേഖലകളിൽ ജോർദാൻ കൈവരിച്ചിട്ടുള്ള നേട്ടങ്ങളെ ഉയർത്തിക്കാട്ടുന്ന രീതിയിലാണ് ഈ പവലിയൻ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ പവലിയനിലെ കാഴ്ച്ചകൾ ആസ്വദിച്ച അദ്ദേഹം യു എ ഇയും, ജോർദാനും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രത്യേകം പരാമർശിച്ചു.

WAM