എക്സ്പോ 2020 ദുബായ് ആരംഭിച്ച ഒക്ടോബർ 1 മുതൽ നവംബർ 8 വരെ ഏതാണ്ട് 2942388 പേർ ലോക എക്സ്പോ വേദി സന്ദർശിച്ചതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. ഇതിൽ ഒരു ലക്ഷത്തിൽ പരം സ്‌കൂൾ കുട്ടികളും ഉൾപ്പെടുന്നു.
2021 ഡിസംബർ 12 മുതൽ 18 വരെ എക്സ്പോ 2020 ദുബായ് വേദിയിൽ നടക്കാനിരിക്കുന്ന വിജ്ഞാന-പഠന വാരത്തിൽ കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. യുവമനസ്സുകളെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനായി എക്സ്പോ വേദിയെ സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണ് വിജ്ഞാന-പഠന വാരം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ആഴ്‌ച എക്‌സ്‌പോ 2020 ദുബായ് വേദി യു എ ഇ പതാക ദിനത്തിന് സാക്ഷിയായി. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പതാക ദിനത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തി. ഇതിന് പുറമെ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ ഓണർ ഡേ, ആന്റിഗ്വ, ബാർബുഡ, ഇന്തോനേഷ്യ, കൊളംബിയ, നെതർലാൻഡ്‌സ് എന്നിവയുടെ ദേശീയ ദിനങ്ങൾ തുടങ്ങിയ പ്രത്യേക ദിനങ്ങളും എക്സ്പോ വേദിയിൽ ആചരിക്കപ്പെട്ടു. നെതർലാൻഡ്‌സിന്റെ ദേശീയ ദിനാഘോഷങ്ങളിൽ ഡച്ച് രാജാവ് വില്ലെം-അലക്‌സാണ്ടർ, മാക്‌സിമ രാജ്ഞി എന്നിവർ പങ്കെടുത്തിരുന്നു.
ലോകപ്രശസ്ത ഐറിഷ് ഡാൻസ് സെൻസേഷനായ റിവർഡാൻസ് നവംബർ മുഴുവൻ എക്സ്പോ വേദിയിൽ തങ്ങളുടെ നൃത്തപരിപാടികൾ അവതരിപ്പിക്കുന്നതാണ്. എക്സ്പോ വേദിയിലെ ദീപാവലി ആഘോഷങ്ങൾ വിവിധ വിനോദ പരിപാടികളാൽ ഏറെ ശ്രദ്ധ ആകർഷിച്ചു. സലിം, സുലൈമാൻ മർച്ചന്റ്, ബോളിവുഡ് പിന്നണി ഗായകൻ വിപുൽ മേത്ത, ഇന്ത്യൻ റാപ്പർ ബാദ്‌ഷാ തുടങ്ങിയവർ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പരിപാടികൾ അവതരിപ്പിച്ചു.
എക്സ്പോ വേദിയിൽ അരങ്ങേറുന്ന ആദ്യത്തെ ഔദ്യോഗിക കായിക ഇനമായ ‘ജിറോ ഡി ഇറ്റാലിയ ക്രൈറ്റീരിയം’ സൈക്ലിംഗ് മത്സരത്തിനും എക്സ്പോ 2020 ദുബായ് സാക്ഷ്യം വഹിച്ചു. എക്സ്പോ വേദിയിലെ താൽക്കാലിക സർക്യൂട്ടിൽ ലോകത്തിലെ ഏറ്റവും മികച്ച സൈക്ലിസ്റ്റുകൾ മത്സരിച്ചതിനാൽ സന്ദർശകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ആവേശകരമായ മത്സരത്തിൽ സ്ലോവാക്യയുടെ പീറ്റർ സാഗൻ കൊളംബിയയുടെ ഈഗൻ ബെർണലിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി.
എക്സ്പോ 2020 ദുബായ് വേദിയിൽ ഒക്ടോബർ 31 മുതൽ നവംബർ 6 വരെ നഗര-ഗ്രാമവികസന വാരം സംഘടിപ്പിക്കപ്പെട്ടു. സ്ത്രീകൾ രൂപകൽപ്പന ചെയ്‌തിരുന്നെങ്കിൽ നഗരങ്ങളും ഗ്രാമങ്ങളും എങ്ങനെയായിരിക്കുമെന്ന് പുനരാവിഷ്‌ക്കരിക്കുന്ന ഒരു പ്രത്യേക വിമൻസ് വേൾഡ് മജ്‌ലിസും, അനൗപചാരിക സെറ്റിൽമെന്റുകൾ സുരക്ഷിതവും സുസ്ഥിരവുമാക്കുന്നതിനുള്ള ബ്ലൂപ്രിന്റായ ലാസ്റ്റ് മൈൽ ഡെലിവറി റോഡ്‌മാപ്പിന്റെ സമാരംഭവും നഗര-ഗ്രാമവികസന വാരത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു.
വരാനിരിക്കുന്ന നാളുകളിലും എക്സ്പോ 2020 ദുബായ് വേദി നിരവധി കലാപരിപാടികൾക്കും, വിനോദപരിപാടികൾക്കും, പ്രദർശനങ്ങൾക്കും സാക്ഷ്യം വഹിക്കുന്നതാണ്. സംഗീതത്തിന്റെ ശക്തിയിലൂടെ ലോകത്തെ ഒന്നിപ്പിക്കുന്നതിനായി നാൻസി അജ്‌റാമും രഘേബ് അലാമയും നവംബർ 12ന് അൽ വാസൽ പ്ലാസയിൽ അവതരിപ്പിക്കുന്ന സംഗീത പരിപാടികൾ ലോകമെമ്പാടും പ്രക്ഷേപണം ചെയ്യുന്നതാണ്. നവംബർ 17 വരെ യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ യുവ വിദ്യാർത്ഥികളെ പ്രദർശിപ്പിക്കുന്ന എക്സ്പോ യംഗ് സ്റ്റാർസ് പ്രോഗ്രാമിന് അൽ വാസൽ ആതിഥേയത്വം വഹിക്കുന്നതാണ്.
നവംബർ 13-ന്, എക്സ്പോ വേദിയിലെത്തുന്ന സന്ദർശകർക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച അത്‌ലറ്റുകളിൽ ഒരാളായ ഉസൈൻ ബോൾട്ടിനെ – 11 തവണ ലോക ചാമ്പ്യൻ, എട്ട് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ്, ഒന്നിലധികം ലോക റെക്കോർഡുകളുടെ ഉടമ – നേരിൽ കാണുന്നതിന് അവസരം ലഭിക്കുന്നതാണ്. അദ്ദേഹം എക്സ്പോ വേദിയിൽ ഒരു ഫാമിലി റണ്ണിന് നേതൃത്വം നൽകുന്നതാണ്.
WAM