എക്സ്പോ സിറ്റി ദുബായ് ഔദ്യോഗികമായി തുറന്നു കൊടുത്തു

featured GCC News

എക്സ്പോ സിറ്റി ദുബായ് 2022 ഒക്ടോബർ 1, ശനിയാഴ്ച സന്ദർശകർക്കായി ഔദ്യോഗികമായി തുറന്നു കൊടുത്തു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായിൽ വെച്ച് നടന്ന ലോക എക്സ്പോ മേളയായ എക്സ്പോ 2020 ആരംഭിച്ചതിന്റെ വാർഷികദിനത്തിലാണ് എക്സ്പോ സിറ്റി ദുബായ് സന്ദർശകർക്കായി ഔദ്യോഗികമായി തുറന്നു കൊടുത്തത്. ഇതോടെ എക്സ്പോ സിറ്റി ദുബായിലെ വിവിധ പവലിയനുകളും, മറ്റു ആകർഷണങ്ങളും സന്ദർശകർക്ക് ആസ്വദിക്കാവുന്നതാണ്.

https://twitter.com/ExpoCityDubai/status/1576129218064236544

എക്സ്പോ സിറ്റിയുടെ ഔദ്യോഗിക ഉദ്‌ഘാടനത്തിന്റെ ഭാഗമായി അമ്പതോളം എക്സ്പോ സിറ്റി ദുബായ് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് ഒക്ടോബർ 1-ന് രാവിലെ 9 മണിക്ക് സസ്‌റ്റൈനബിലിറ്റി പ്രവേശന കവാടം തുറന്ന് കൊടുത്തു. വൈകീട്ട് 6.15-ന് അതിഗംഭീരമായ മായികകാഴ്ചകളോടെ അൽ വാസൽ താഴികക്കുടം വീണ്ടും മിഴിതുറന്നു.

ഔദ്യോഗിക ഉദ്‌ഘാടനത്തിന് മുൻപ് സന്ദർശകർക്ക് പ്രവേശനാനുമതി നൽകിയിരുന്ന ഏതാനം പവലിയനുകൾക്ക് പുറമെ, വിഷൻ പവലിയൻ, വിമൻസ് പവലിയൻ, അൽ വാസൽ പ്ലാസ, സറീൽ വാട്ടർ ഫീച്ചർ മുതലായ ആകർഷണങ്ങൾ 2022 ഒക്ടോബർ 1 മുതൽ തുറന്ന് കൊടുത്തിട്ടുണ്ട്.

എക്സ്പോ സിറ്റി ദുബായിയുടെ 120 ദിർഹം വിലവരുന്ന വൺ ഡേ പാസ് ഉപയോഗിച്ച് കൊണ്ട് വിഷൻ പവലിയൻ, വിമൻസ് പവലിയൻ, അലിഫ്, ടെറ പവലിയനുകൾ എന്നിവ ആസ്വദിക്കാവുന്നതാണ്. ഇതിന് പകരമായി ഓരോ പവലിയനും 50 ദിർഹം വിലവരുന്ന ടിക്കറ്റുകളും ലഭ്യമാണ്. ഗാർഡൻ ഇൻ ദി സ്കൈ നിരീക്ഷണ ടവർ ആസ്വദിക്കുന്നതിന് 30 ദിർഹം വിലവരുന്ന ടിക്കറ്റ് എടുക്കേണ്ടതാണ്.

രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണിവരെ ഈ പവലിയനുകൾ സന്ദർശിക്കാവുന്നതാണ്. വരും ദിനങ്ങളിൽ കൂടുതൽ പവലിയനുകൾ തുറക്കുന്നതാണ്.

എക്സ്പോ 2020 വേദിയിലെ പ്രധാന ഭക്ഷണപാനീയ വില്പനശാലകളായ അൽ ഫനാർ റെസ്റ്ററന്റ്, ECCO പിസ്സ ആൻഡ് പാസ്ത, അൽബൈക് തുടങ്ങിയവയും, മറ്റു കഫെകളും 2022 ഒക്ടോബർ 1 മുതൽ വീണ്ടും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

എക്സ്പോ സിറ്റി ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപായി ഈ സുസ്ഥിരതയിൽ ഊന്നിയുള്ള നഗരത്തിലെ മൊബിലിറ്റി പവലിയനായ അലിഫ്, സസ്റ്റൈനബിലിറ്റി പവലിയനായ ടെറ എന്നിവയിലേക്ക് സന്ദർശർക്ക് 2022 സെപ്റ്റംബർ മുതൽ പ്രവേശനം അനുവദിച്ചിരുന്നു. ഇതോടൊപ്പം എക്സ്പോ സിറ്റിയുടെ 360 ഡിഗ്രി പനോരമിക് ദൃശ്യങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഗാർഡൻ ഇൻ ദി സ്കൈ നിരീക്ഷണ ടവറും സന്ദർശകർക്കായി നേരത്തെ തുറന്ന് കൊടുത്തിരുന്നു.