അമ്പത് ദിവസത്തെ പ്രത്യേക ശീതകാല ആഘോഷ പരിപാടികളുമായി എക്സ്പോ സിറ്റി ദുബായ്

featured GCC News

2022 നവംബർ 23 മുതൽ എക്സ്പോ സിറ്റി ദുബായിൽ അമ്പത് ദിവസത്തെ പ്രത്യേക ശീതകാല ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ‘വിന്റർ സിറ്റി’ എന്ന ഈ ആഘോഷ പരിപാടികൾ 2022 നവംബർ 23 മുതൽ 2023 ജനുവരി 8 വരെ നീണ്ട് നിൽക്കും.

https://twitter.com/ExpoCityDubai/status/1588537986073104385

ക്രിസ്മസ് ഉൾപ്പടെയുള്ള ആഘോഷവേളകൾ ഏറ്റവം മികച്ച രീതിയിൽ സുഹൃത്തുകൾക്കും, കുടുംബാംഗങ്ങൾക്കും ഒപ്പം ചെലവഴിക്കുന്നതിന് ‘വിന്റർ സിറ്റി’ അവസരമൊരുക്കുന്നതായി എക്സ്പോ സിറ്റി അധികൃതർ വ്യക്തമാക്കി. യു എ ഇ ദേശീയദിനം, ക്രിസ്മസ്, പുതുവർഷം മുതലായ അവധിദിനങ്ങളിൽ മുഴുവൻ കുടുംബത്തിനും മറക്കാനാകാത്ത ആഘോഷാനുഭവങ്ങൾ നൽകുന്ന രീതിയിലാണ് എക്സ്പോ സിറ്റി ദുബായിലെ വിന്റർ സിറ്റി ഒരുങ്ങുന്നതെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.

ആശ്ചര്യജനകമായ സിപ്-ലൈൻ അനുഭവങ്ങൾ, ക്രിസ്മസ് മാർക്കറ്റ്, ഭീമൻ ക്രിസ്മസ് ട്രീ മുതലായ ആകർഷണങ്ങൾ വിന്റർ സിറ്റിയിലെത്തുന്ന സന്ദർശകർക്കായി ഒരുങ്ങുന്നു. ഈ കാലയളവിൽ എക്സ്പോ സിറ്റിയിലെ മൊബിലിറ്റി ഡിസ്ട്രിക്ട്, വാട്ടർ ഫീച്ചർ, അൽ വാസൽ പ്ലാസ എന്നിവ ശൈത്യകാലത്തെ ഓർമ്മപ്പെടുത്തുന്ന മായികക്കാഴ്ചകളുമായി സന്ദർശകരെ സ്വീകരിക്കുന്നതാണ്.

പൈൻ മരങ്ങൾ നിറഞ്ഞ പരമ്പരാഗത രീതിയിലുള്ള ക്രിസ്മസ് ചന്ത, വിനോദമത്സരങ്ങൾ, കുട്ടികൾക്ക് സാന്താ ക്ലോസിന് കത്തെഴുതാൻ അവസരം നൽകുന്ന ലെറ്റർ-റ്റു-സാന്ത സ്റ്റേഷൻ മുതലായവ വിന്റർ സിറ്റിയിലെ മറ്റു ആകർഷണങ്ങളാണ്. യു എ ഇ ദേശീയദിനത്തിന്റെ ഭാഗമായി നവംബർ 30 മുതൽ ഡിസംബർ 2 വരെ വിന്റർ സിറ്റിയിൽ സംഗീതനിശ ഉൾപ്പടെയുള്ള പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

കണ്ണഞ്ചിപ്പിക്കുന്ന ആഘോഷ പരിപാടികളോടെ 2022 ഡിസംബർ 9-ന് നടത്തുന്ന ‘വൈറ്റ് ക്രിസ്മസ്’ ചടങ്ങിൽ വെച്ച് അൽ വാസൽ പ്ലാസയിൽ ഒരുക്കിയിട്ടുള്ള 52 അടി ഉയരമുള്ള ഭീമൻ ക്രിസ്മസ് ട്രീയിൽ ദീപക്കാഴ്ചകൾ തെളിയിക്കുന്നതാണ്.

എക്സ്പോ 2020-യിൽ ഏറെ ജനപ്രീതി നേടിയ ‘മിസിസ്. ക്ലോസ് ക്രിസ്മസ് ഷോ’ 2022 ഡിസംബർ 20 മുതൽ 29 വരെ വിന്റർ സിറ്റിയിൽ വെച്ച് വീണ്ടും സംഘടിപ്പിക്കുന്നതാണ്. ഡിസംബർ 20 മുതൽ 25 വരെ ദിനവും മെഴുകുതിരി വെളിച്ചത്തിൽ അവതരിപ്പിക്കുന്ന പ്രത്യേക കരോൾ, രാത്രിതോറുമുള്ള വർണ്ണവെളിച്ചക്കാഴ്ചകൾ എന്നിവയും വിന്റർ സിറ്റിയിലെത്തുന്നവരെ കാത്ത് ഒരുങ്ങുന്നു.