എക്സ്പോ 2020 ദുബായ്: സന്ദർശകരുടെ എണ്ണം 15 ദശലക്ഷത്തിലേക്ക് അടുക്കുന്നു

UAE

എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം 15 ദശലക്ഷത്തിലേക്ക് അടുക്കുന്നതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്‌ച അൽ വാസൽ പ്ലാസയിൽ അരങ്ങേറിയ കോൾഡ്‌പ്ലേ സംഗീതവിരുന്ന് പോലെയുള്ള ആഗോള പ്രേക്ഷകരെ ആകർഷിക്കുന്ന പരിപാടികളുടെ പശ്ചാത്തലത്തിൽ എക്‌സ്‌പോ 2020 ദുബായ് ഈ ആഴ്ച അവസാനത്തോടെ മൊത്തം 15 മില്യൺ സന്ദർശനങ്ങൾ രേഖപ്പെടുത്താൻ ലക്ഷ്യമിടുന്നതായാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എക്സ്പോ 2020 ദുബായ് ആരംഭിച്ച ശേഷം ഇതാദ്യമായി എക്സ്പോ വേദിയിലേക്കുള്ള പ്രതിവാര സന്ദർശനങ്ങളുടെ എണ്ണം ഒരു ദശലക്ഷം കടന്നതായി കഴിഞ്ഞ ആഴ്ച അധികൃതർ വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന ആഴ്‌ചകളിൽ ഇനിയും നിരവധി പരിപാടികൾ പ്രഖ്യാപിക്കാനിരിക്കുന്നതിനാൽ, കാഴ്ചക്കാരുടെ എണ്ണം ഇനിയും ഉയരുമെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 21 ലെ കണക്കനുസരിച്ച്, എക്സ്പോ വേദിയിലെ ആകെ സന്ദർശനങ്ങളുടെ എണ്ണം 14719277 ആയിട്ടുണ്ട്. കഴിഞ്ഞ ആറാഴ്ച്ചയ്ക്കിടെ ആഭ്യന്തര സന്ദർശനങ്ങൾ 128 ശതമാനം വർധിച്ചതായും, അന്താരാഷ്ട്ര സന്ദർശനങ്ങളിൽ 19 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു. വെർച്വൽ സംവിധാനങ്ങളിലൂടെ എക്സ്പോ 2020 ദുബായ് സന്ദർശിച്ചവരുടെ എണ്ണം 145 ദശലക്ഷം കടന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

WAM